റാങ്ക് ലിസ്റ്റ് നീട്ടാത്തത് പിൻവാതിൽ നിയമനം നടത്താൻ: ഉമ്മൻചാണ്ടി

Tuesday 03 August 2021 2:54 AM IST

തിരുവനന്തപുരം: പകരം ലിസ്റ്റില്ലാതിരിക്കെ, പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് പിൻവാതിൽ നിയമനങ്ങൾക്കു വേണ്ടിയാണെന്നും പതിനായിരക്കണക്കിന് യുവതീയുവാക്കൾക്ക് നീതി നിഷേധിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

പകരം ലിസ്റ്റ് ഇല്ലെങ്കിൽ അധികമായി ഒന്നരവർഷം വരെയോ അടുത്ത ലിസ്റ്റ് വരുന്നതു വരെയോ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.

നിലവിലെ 493 പട്ടികകളുടെയും കാലാവധി ഇത്തരത്തിൽ നീട്ടണമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.യു.ഡി.എഫ് സർക്കാർ അങ്ങനെ ചെയ്തകാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലെ ലിസ്റ്റുകളിൽനിന്ന് തീരെ കുറച്ച് നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്. പകരം ഒരു റാങ്ക് ലിസ്റ്റുപാേലും നിലവിലില്ല. 357 തസ്തികകൾക്ക് അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 136 തസ്തികകളിലേക്ക് മാത്രമാണ്. അവയിൽ ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെങ്കിൽ മൂന്നു വർഷംവരെ വേണ്ടിവരും. പകരം ലിസ്റ്റില്ലാത്തതിനാൽ നിയമനം മുടങ്ങും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നത്.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഉദ്യോഗാർത്ഥികൾ 34 ദിവസം സമരം ചെയ്തപ്പോൾ പരമാവധി നിയമനങ്ങൾ നടത്താമെന്ന് ധാരണയുണ്ടാക്കിയെങ്കിലും ഒഴിവുകൾ കാര്യമായി റിപ്പോർട്ട് ചെയ്തില്ലെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

Advertisement
Advertisement