കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് നടപടി വേഗത്തിലാക്കും: മന്ത്രി

Tuesday 03 August 2021 12:02 AM IST

കോഴിക്കോട് : കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. 2015 മേയ് മാസം പദ്ധതിയ്ക്ക് 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാർ കമ്പനി പദ്ധതി ഉപേക്ഷിച്ചതിനാൽ ഡ്രഡ്ജിംഗ് ആരംഭിക്കാനായില്ല. തുടർന്ന് 3.75 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി 2019 നവംബറിൽ പദ്ധതി റീ ടെൻഡർ ചെയ്‌തെങ്കിലും കരാറെടുത്ത കമ്പനി വിവിധ കാരണങ്ങളാൽ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കും.

ജില്ലയിൽ 3000ൽപരം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കോരപ്പുഴയെ ആശ്രയിക്കുന്നുണ്ട്. ചെളിയും മണലും മാലിന്യങ്ങളും അടിഞ്ഞ് അഴിമുഖത്ത് നീരൊഴുക്ക് ദുർബലമാവുകയും കടലിൽ നിന്ന് പുഴയിലേക്കുള്ള മത്സ്യങ്ങളുടെ വരവ് ഇല്ലാതാകുകയും ചെയ്തിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായാണ് കോരപ്പുഴയിൽ ഡ്രഡ്ജിംഗ് നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കാനത്തിൽ ജമീല എം.എൽ.എ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement