ചേലില്ലാത്ത ചേലേങ്കര റോഡിൽ ഗതാഗതം ദുഷ്‌കരം

Tuesday 03 August 2021 1:10 AM IST
തകർന്നു കിടക്കുന്ന ചേലേങ്കര റോഡ്

മണ്ണാർക്കാട്: നഗരത്തിനോട് ചേർന്ന് കിടക്കുന്ന ചേലേങ്കര റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമെന്ന് പ്രദേശവാസികൾ. കോങ്ങാട് നിയോജക മണ്ഡലത്തിലെ റോഡിന്റെ ഒരു വശം മണ്ണാർക്കാട് നഗരസഭയിൽ ഉൾപ്പെടുമെങ്കിലും റോഡ് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നൊട്ടമ്മല വാർഡിലാണ്.

നൊട്ടമ്മലയിൽ നിന്നും മണ്ണാർക്കാട് നഗരത്തിൽ പ്രവേശിക്കാതെ ടിപ്പുസുൽത്താൻ റോഡിലേക്ക് എളുപ്പ മാർഗം എത്താനാകുന്ന റോഡാണിത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്.

എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള വഴിയും ഇതാണ്. റോഡിന് വീതി കുറവായതിനാൽ സ്‌കൂൾ ബസുകൾ വരുമ്പോൾ ഗതാഗത തടസവും പതിവാണ്. റോഡിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും ലോക്ക് ഡൗൺ പ്രതിസന്ധിയാണ് പ്രവർത്തനങ്ങൾക്ക് തടസ്സമായതെന്നും വാർഡ് മെമ്പർ സ്മിത ജോസഫ് പറയുന്നു.

മഴക്കാലം കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങുമെന്നാണ് വാർഡ് മെമ്പർ പറയുന്നത്. മെമ്പറുടെ വാക്കുകളിൽ പ്രതീക്ഷ നൽകുമ്പോഴും ദുരിതം ഇനി എത്ര നാൾ എന്ന ആശങ്കയാണ് പ്രദേശവാസികൾക്ക്.

Advertisement
Advertisement