ബഡ്ജറ്റ് 'കവിത'യ്ക്ക് സ്‌നേഹവീടുമായി ഐസക്

Tuesday 03 August 2021 12:00 AM IST

കുഴൽമന്ദം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച കുഴൽമന്ദം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്‌നേഹയ്ക്ക് വീടൊരുങ്ങി. 'സ്നേഹവീടി"ന്റെ താക്കോൽ മുൻ മന്ത്രി തോമസ് ഐസക് കൈമാറി. വീടിന്റെ പാലുകാച്ചൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

കൊവിഡ് മൂലം വിദ്യാർത്ഥികളും അദ്ധ്യാപകരും അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന കവിതയാണ് ആമുഖത്തിൽ ഉൾപ്പെടുത്തിയത്. തുടർന്ന് സ്‌നേഹയെ അഭിനന്ദനം അറിയിച്ചപ്പോഴാണ് സ്‌കൂൾ കെട്ടിടം വേണമെന്ന ആവശ്യമുന്നയിച്ചത്. എന്നാൽ, സ്‌നേഹ താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് എന്നറിഞ്ഞപ്പോൾ വീട്‌ വച്ചുനൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ജനകീയാസൂത്രണ പ്രവർത്തകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ എട്ടു ലക്ഷം രൂപയാണ് ഇതിനായി സമാഹരിച്ചത്.

കുഴൽമന്ദം സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച തോമസ് ഐസക് സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ചു. പുതിയ കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂൾ നിർമ്മാണം ഉടൻ ആരംഭിക്കും. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കെട്ടിടത്തിന് കൂടുതൽ തുക അനുവദിച്ചത്‌.

തോമസ് ഐസക്കിനെ ഒരുകുല കരിക്ക് നൽകിയാണ് നാട് സ്വീകരിച്ചത്. വീടിന് മുന്നിൽ ഒരു മരവും അദ്ദേഹം നട്ടു. ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. അബ്ദുൾ റഹ്‌മാൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ. രാമകൃഷ്ണൻ, ശിവരാമൻ എന്നിവർ സംസാരിച്ചു. നൂറ് വിദ്യാർത്ഥികൾ രചിച്ച 'കവിത വീട്" എന്ന കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ രമ്യാരാജ് സ്വാഗതവും സ്‌നേഹ നന്ദിയും പറഞ്ഞു.

Advertisement
Advertisement