ആളൂർ പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Tuesday 03 August 2021 12:00 AM IST

കൊച്ചി: ആളൂർ പീഡനക്കേസിൽ പ്രതിയായ മുൻ പുരോഹിതൻ തൃശൂർ മുരിങ്ങൂർ ചുങ്കത്ത് വീട്ടിൽ സി.സി. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇരയടക്കമുള്ളവരുടെ വാദം പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് വി. ഷേർസിയുടെ നടപടി. സഭാ തർക്കത്തെത്തുടർന്നു കെട്ടിച്ചമച്ച കേസാണിതെന്നും കേസ് നൽകാൻ വൈകിയത് ഇതിന് തെളിവാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിച്ചു. വിഷയം സഭാതർക്കമാക്കി മാറ്റി പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസ് ഉൾപ്പെടെ ശ്രമിച്ചെന്ന് ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണിയോട് പീഡനത്തെക്കുറിച്ച് ഇര പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ മയൂഖയ്ക്കെതിരെ ഭീഷണിയുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement