കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്നിർബന്ധം യാത്രക്കാരെ തടഞ്ഞു, തലപ്പാടിയിൽ സംഘർഷം

Monday 02 August 2021 11:44 PM IST

 കടുപ്പിച്ച് കർണാടക

കാസർകോട്: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്നതിന്റെ പേരിൽ തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിൽ കർണാടക പൊലീസ് തടഞ്ഞത് വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. ഇതിൽ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകളും യു.ഡി.എഫ് പ്രവർത്തകരും ഉൾപ്പെടെ ഉപരോധം നടത്തി. അതേസമയം, ഇന്നുമുതൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരാളെയും കടത്തിവിടില്ലെന്ന നിലപാടിലാണ് കർണാടക പൊലീസ്.

കേരളത്തിൽ ഉൾപ്പെടുന്ന സ്ഥലത്താണ് കർണാടക പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്നാരോപിച്ച് ഇന്നലെ ഇടത് യുവജന സംഘടന പ്രവർത്തകർ അവ തള്ളിമാറ്റി. തലപ്പാടിയിൽ ആരാധനാലയത്തിന് മുന്നിൽ കുഴി ഉണ്ടാക്കിയ കർണാടക പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇതിനായി ഉപയോഗിച്ച ജെ .സി .ബി തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് തന്നെ കുഴി മൂടി. കൈക്കുഞ്ഞുമായി അതിർത്തിയിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ അസഭ്യംപറഞ്ഞുവെന്നാരോപിച്ച് ഒരു സംഘമാളുകൾ കർണാടക പൊലീസിന് നേരെ തിരിഞ്ഞു. പൊലീസുകാരോട് കയർത്തതിന് ഒരു സി.പി.എം പ്രവർത്തകനെ കർണാടക പൊലീസ് പിടിച്ചുവച്ചു. ഇടത് യുവജനസംഘടനകൾ കർണാടക പിക്കറ്റ് പോസ്റ്റിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങിയതോടെ ഇയാളെ വിട്ടയച്ചു.


വിദ്യാർത്ഥികളും വ്യാപാരികളും ജീവനക്കാരും ഉൾപ്പെടെ നിരവധി പേരെയാണ് അതിർത്തിയിൽ ഇന്നലെ രാവിലെ കർണാടക പൊലീസ് തടഞ്ഞുവച്ചത്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് കൊവിഡ് പരിശോധനയ്ക്ക് 15 അംഗ മെഡിക്കൽ സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ ടെസ്റ്റിന് സമയമെടുക്കുന്നതിനാൽ യാത്ര വൈകുന്നുവെന്ന ആരോപണം ഉയർന്നു

കേരളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തലപ്പാടി അതിർത്തി വരെ മാത്രമാണ് സർവീസ് നടത്തുന്നത്.

Advertisement
Advertisement