തൃശൂർ ഭാഷയിൽ ചീത്ത വിളിച്ചു കുടുങ്ങി  കവർച്ച കേസുകളിൽ പലതിലും പിടികിട്ടാപ്പുള്ളി 

Monday 02 August 2021 11:54 PM IST

കാസർകോട്: ഹൊസങ്കടിയിൽ രാജധാനി ജുവലറി കവർച്ചക്ക് എത്തിയ ഏഴംഗ സംഘത്തിലെ ഏക മലയാളിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ കെ.പി സത്യേഷ് എന്ന കിരൺ (35). കേസിൽ കർണാടകക്കാരായ മറ്റു പ്രതികളെല്ലാം പൊലീസ് വലക്ക് പുറത്താണ്. കാസർകോട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇവർക്കായി കുരുക്ക് മുറുക്കുകയാണ്. ജൂലായ് 26 ന് പുലർച്ചെ രണ്ടു മണിയോടെ ഇന്നോവ കാറിൽ കവർച്ചക്ക് എത്തിയ സംഘം ജുവലറിക്ക് അകത്ത് കയറാൻ കഴിയാതെ വിഷമിച്ചപ്പോൾ ആണ് സെക്യൂരിറ്റി ടി.അബ്ദുള്ളയെ കെട്ടിയിടാൻ പദ്ധതിയിട്ടത്. സെക്യൂരിറ്റിയെ തലക്കടിച്ച ശേഷമാണ് കസേരയിൽ കെട്ടിയിട്ടു പിറകിലേക്ക് തള്ളിയത്. അബ്ദുള്ള സംഘത്തോട് ബലംപിടിച്ചപ്പോൾ മലയാളത്തിൽ ഒരാൾ ചീത്ത വിളിച്ചിരുന്നു. 'തൃശൂർ ഭാഷയിലാണ് ചീത്ത' വിളിച്ചതെന്ന് മനസിലാക്കിയ അബ്ദുള്ള മൊഴിയെടുക്കുമ്പോൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതാണ് കുപ്രസിദ്ധ കവർച്ചക്കാരനായ സത്യേഷിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. തൃശൂർ ഭാഷ സംസാരിക്കുന്ന മുഴുവൻ കവർച്ചക്കാരുടെയും ഹിസ്റ്ററി പരിശോധിച്ച ക്രൈം സ്‌ക്വാഡ് ഇവരിൽ പലരുടെയും പിന്നാലെ പോയി. കർണാടക സംഘത്തിന്റെ കൂടെ ചേർന്ന് മുമ്പ് കളവ് നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുള്ള സത്യേഷിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാൻ സാധിച്ചത്.

എല്ലാ പ്രൊഫഷണൽ കവർച്ച സംഘത്തിന്റെയും ഉറ്റചങ്ങാതിയാണ് അതിമിടുക്കനായ ഈ മോഷ്ടാവ്. അതിസമർത്ഥമായി കവർച്ച നടത്തുകയും ഒളിത്താവളത്തിലേക്ക് മുങ്ങുകയും ചെയ്യുന്നതിൽ അസാമാന്യമായ വൈദഗ്ധ്യം തെളിയിച്ച കുറ്റവാളിയാണ് ഈ തൃശൂരുകാരനെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവാവിനെ ജുവലറി പരിസരത്ത് കുറെ തവണ കണ്ടതായി ഓർക്കുന്നുവെന്ന് രാജധാനി ജുവലറി ഉടമ കെ.എം അഷ്‌റഫ് പറഞ്ഞു.

Advertisement
Advertisement