കടലാക്രമണം: ഉദ്യോഗസ്ഥ സംഘം വലിയപറമ്പയിലെത്തി

Monday 02 August 2021 11:57 PM IST

തൃക്കരിപ്പൂർ: തീരദേശത്തെ കടലാക്രമണ ഭീഷണിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച ഉന്നതതല ഉദ്യോഗസ്ഥ സംഘം ഇന്നലെ വലിയപറമ്പയിൽ സന്ദർശനം നടത്തി. തൃക്കരിപ്പൂർ കടപ്പുറം, കന്നുവീട്, വലിയപറമ്പ്, പടന്നകടപ്പുറം, മാവിലാകടപ്പുറം പുലിമുട്ട് പ്രദേശങ്ങൾ സന്ദർശിച്ച സംഘം വിഷയവുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് ഉറപ്പു നൽകി.

കാലവർഷം ശക്തമാകുന്നതോടെ കാലങ്ങളായി ഒരു നാട് തന്നെ ഇല്ലാതാവുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിദഗ്ദ്ധസംഘം പഞ്ചായത്തിൽ സന്ദർശനം നടത്തിയത്. നിലവിൽ തീരശോഷണം വൻതോതിൽ സംഭവിക്കുന്ന പഞ്ചായത്തായതിനാൽ വലിയപറമ്പിനെ ഹോട്ട് സ്പോട്ടിൽ പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. കോസ്റ്റൽ ഇറിഗേഷൻ സ്റ്റഡീസ് ഡപ്യൂട്ടി ഡയറക്ടർ ഗോവിന്ദൻ ഉണ്ണി, അസി.ഡയറക്ടർ അഷ്റഫ് , ഓവർസീയർ ഹനീഫ, മേജർ ഇറിഗേഷൻ അസി. എൻജിനീയർ രമേശൻ, ഓവർസീർമാരായ രതീഷ്, രാജേഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല അടക്കമുള്ള ജനപ്രതിനിധികൾ സംഘത്തെ സ്വീകരിച്ചു.

Advertisement
Advertisement