പൊതുമേഖലാ ബാങ്കോഹരി വില്പന മാറ്റിവച്ച് കേന്ദ്രം

Tuesday 03 August 2021 12:00 AM IST

 ഓഹരി വില്പന അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റി

ന്യൂഡൽഹി: രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റൊഴിഞ്ഞ് സ്വകാര്യവത്‌കരിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാർ അടുത്ത സാമ്പത്തിക വർഷത്തേക്ക് (2022-23) മാറ്റിയതായി സൂചന. ഓഹരി വില്പനയ്ക്ക് മുന്നോടിയായി ഒട്ടേറെ നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിന്, സമയമേറെ എടുക്കുമെന്നതാണ് വില്പന നീട്ടാൻ കാരണം. കൊവിഡ് മൂലം നിക്ഷേപാനുകൂല സാഹചര്യം നഷ്‌ടമായതും വില്പന നടപടികൾ മാറ്റിവയ്ക്കാൻ ധനമന്ത്രാലയത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച, നടപ്പുവർഷത്തേക്കുള്ള (2021-22) ബഡ്‌ജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ഓഹരി വില്പനയ്ക്ക് പാർലമെന്റിന്റെ അനുമതി വേണം. ഇതിനുള്ള നടപടികളിലേക്കും സർക്കാർ കടന്നിരുന്നില്ല. പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 53 ശതമാനം ഓഹരികൾ വിറ്റൊഴിഞ്ഞ്, സ്വകാര്യവത്കരിക്കാനുള്ള നടപടികളും വൈകുകയാണ്.

അതേസമയം എയർ ഇന്ത്യ വില്പന, ഐ.ഡി.ബി.ഐ ബാങ്കോഹരി വില്പന, പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടപടികൾ ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാർ ലക്ഷ്യമിടുന്ന ആകെ സമാഹരണം 1.75 ലക്ഷം കോടി രൂപയാണ്. ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, പവൻ ഹാൻസ്, ബെമൽ, നീലാചൽ ഇസ്‌പത് നിഗം ലിമിറ്റഡ് എന്നിവയുടെ വില്പനയും ഇതിലുൾപ്പെടുന്നു.

സ്വകാര്യവത്കരണ

ലിസ്‌റ്റിൽ ഇവർ

ഏതൊക്കെ ബാങ്കുകളെയാണ് സ്വകാര്യവത്‌കരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയാണ് പട്ടികയിലുള്ളതെന്നാണ് സൂചനകൾ. പിന്നാലെ വലിയ പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്ന നടപടിയിലേക്കും സർക്കാർ കടന്നേക്കും. ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ സാദ്ധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ഓഹരികൾ വിൽക്കില്ല. സാമ്പത്തിക, സാമൂഹിക രംഗത്ത് എസ്.ബി.ഐയുടെ വലിയ പ്രസക്തിയാണ് കാരണം.

Advertisement
Advertisement