എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കും: മന്ത്രി ശിവൻകുട്ടി

Tuesday 03 August 2021 1:55 AM IST

തിരുവനന്തപുരം : സമയബന്ധിതമായി മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറ‌ഞ്ഞു. ഡിജിറ്റൽ പഠനത്തിന് ബൃഹത്തായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന് സ്കൂൾ തലങ്ങളിൽ വരെ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഓൺലെെൻ പഠനം ആരംഭിക്കുമ്പോൾ പഠനസൗകര്യമില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തിനായാണ് എല്ലാവരും കെെകോർക്കുന്നത്.

എസ്.എസ്.എൽ.സി പരീക്ഷാ തീയതി മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ അതിനെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. എന്നാൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് കുട്ടികൾക്ക് ഒരു പ്രശ്നവും വരാതെ പരീക്ഷ പൂർത്തിയാക്കി കേരളം രാജ്യത്തിനു മാതൃകയായി. പ്ലസ്ടു,​ പ്രായോഗിക പരീക്ഷകളിലും ഈ മാതൃക തുടർന്നു. കുട്ടികൾക്ക് 'എന്തറിയില്ല " എന്നു പരിശോധിക്കുന്നതിനു പകരം, 'എന്തറിയാം" എന്നു വിലയിരുത്തുന്ന തലത്തിലേക്ക് മൂല്യനിർണയം മാറുകയാണെന്നും മന്ത്രി പറഞ്ഞു.