ആശ്വാസ കിരണം: ഒാണത്തിന് മുമ്പ് കുടിശിക നൽകുമെന്ന് മന്ത്രി

Tuesday 03 August 2021 1:59 AM IST

തിരുവനന്തപരും: ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്ക് നൽകേണ്ട കുടിശിക ഒാണത്തിന് മുമ്പ് നൽകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഇതിന് ആവശ്യമായ തുക അധിക ധനാഭ്യർത്ഥനയിലൂടെ അനുവദിക്കും. അനർഹരെ ഒഴിവാക്കി ഗുണഭോക്തൃ ലിസ്റ്റ് പുനക്രമീകരിക്കാൻ ധനവകുപ്പ് നിർദേശിച്ചിരുന്നു. ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ വെരിഫിക്കേഷൻ എന്നിവ നടത്തുന്നതിന് പ്രയാസം നേരിട്ടുവെന്നും വി.ഡി. സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. ഒറ്റപ്പാലം കാക്കത്തോട് ബൈപാസ് റോഡ് നവീകരണത്തിന് 78.09 കോടി കിഫ്ബിയിൽ നിന്ന് അനുവദിച്ചതായും ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി പ്രാഥമിക ചെലവുകൾക്ക് 50 ലക്ഷം അനുവദിച്ചു. സംസ്ഥാനത്ത് ലഹരി ഉപയോഗം തടയാനും ലഹരി മാഫിയയെ അമർച്ച ചെയ്യാനും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ പുതിയ റവന്യൂ ടവർ നിർമ്മിക്കണമെന്ന ആവശ്യത്തിൽ സമയബന്ധിത തുടർനടപടി എടുക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. റവന്യൂ വകുപ്പിന്റെ 14 ആർ സ്ഥലം ഇവിടെയുണ്ട്. ദുരന്ത നിവാരണ കൺട്രോൾ റൂം അടക്കം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. എൻ. ജയരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement