ഋതുഭേദ കല്പനയുടെ ചാരുത

Tuesday 03 August 2021 2:23 AM IST

മംഗളം നേരുന്നു എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം കല്യാണി മേനാൻ പാടിയ 'ഋതുഭേദ കല്പന ചാരുത നൽകിയ' എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമുളള ഗാനങ്ങളിൽ ഒന്നാമതാണ്. അത് ഞാൻ എഴുതിയ പാട്ടായതുകൊണ്ടല്ല. കല്യാണി മേനോനും ഇളയരാജയും യേശുദാസും ചേർന്ന കോമ്പിനേഷന്റെ മികവുകൊണ്ടാണ്. പി. ലീല പാടിയാൽപ്പോലും ആ പാട്ട് ഇത്ര ഗംഭീരമാകില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ വരികളുടെ സൗന്ദര്യവും മലയാളിത്തവും ഗായിക ഉൾക്കൊണ്ടാണ് പാടിയത്. അസുലഭമായ ഭാഗ്യമാണ് ആ പാട്ട് മലയാളത്തിന് നൽകിയത്. ദേശീയ അവാർഡ് കിട്ടേണ്ട പാട്ടാണ് അതെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. ഇളയരാജയുടെ കൈയിൽ ആ കവിത എത്തിയപ്പോൾ മനോഹരമായ യുഗ്മഗാനമായി മാറി. അതിൽ കല്യാണി മേനോന്റെ ലാളിത്യവും ശാലീനതയും എല്ലാം നിഴലിക്കുന്നു. പാട്ട് പാടിക്കഴിഞ്ഞപ്പോൾ ഇളയരാജയ്ക്കും എനിക്കും ഏറെ ഇഷ്ടമായി. നീളമുള്ള വരികളാണ് കവിതയിലുണ്ടായിരുന്നത്. എങ്കിലും വളരെ സ്വാഭാവികമായി പാടി. പല ഗായകരും ആ പാട്ട് ഏറ്റുപാടി.

കല്യാണിമേനോൻ ചലച്ചിത്ര ഗാനാലാപനരംഗത്തെ സൗമ്യമുഖമാണ്. പെരുമാറുമ്പോൾ അത് എല്ലാവർക്കും തിരിച്ചറിയാം. ഒരു പൂവിനെപ്പോലും നോവിക്കാത്ത പ്രകൃതം. അധികം പാടിയിട്ടില്ലെങ്കിലും ശ്രദ്ധേയായതും ആ പ്രതിഭയുടെ സവിശേഷത കൊണ്ടാണ്.

Advertisement
Advertisement