ബക്രീദ് ഇളവുകളല്ല കാരണം, കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് പിഴച്ചതെവിടെയെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സംഘം; വിലയിരുത്തൽ ഇങ്ങനെ
Tuesday 03 August 2021 9:53 AM IST
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം നിരീക്ഷിക്കാനെത്തിയ ആറംഗ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. രോഗവ്യാപനത്തിന്റെ കാരണം ബക്രീദ് സമയത്ത് നൽകിയ ഇളവുകളല്ലെന്നും, ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണെന്നുമാണ് വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് ഗുരുതരമായ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകിവരുന്നത്. രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് രോഗവ്യാപനത്തിന്റെ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്ന പ്രധാന കാരണം.
നിരീക്ഷണത്തിൽ കഴിയുന്ന ചിലർ വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപഴകുന്നു എന്നാണ് കേന്ദ്ര സംഘത്തിന്റെ കണ്ടെത്തൽ. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ച ശേഷമാണ് ആറംഗ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്.