ജനകീയ യാത്ര: ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവരെ വെറുതെവിട്ടു

Tuesday 03 August 2021 4:36 PM IST

കൊച്ചി: മെട്രോ ജനകീയ യാത്രാ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള 29 പ്രതികളെയും വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോയിൽ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു ഇവർക്കെതിരെയുളള കേസ്.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയ വത്കരിച്ചു എന്നാരോപിച്ച് 2017 ലാണ് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. നേതാക്കൾക്കൊപ്പം പ്രവർത്തകർ കൂട്ടത്തോടെ എത്തിയതോടെ ആലുവയിലെയും പാലാരിവട്ടത്തെയും സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങൾ ആകെ താറുമാറായി. ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രക്കിടെ പ്രവർത്തകർ ട്രെയിനിൽ വച്ചും. സ്റ്റേഷനിൽ വച്ചും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ വരെ പിഴയും ആറുമാസം തടവുശിക്ഷ ലഭിക്കാവുന്നതും ആയ കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം.

ജനകീയ യാത്രക്കിടെ പ്ളാറ്റ്ഫോമിൽ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തിക്കും തിരക്കും. ഇതിനെത്തുടർന്നായിരുന്നു കേസെടുത്തത്.

Advertisement
Advertisement