ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് മെഡിക്കൽ കോളേജിന് ഏഴ് വെന്റിലേറ്റർ

Wednesday 04 August 2021 12:02 AM IST
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴു വെന്റിലേറ്ററുകൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രന് കൈമാറിയപ്പോൾ

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് ആശുപപത്രിയ്ക്ക് ഏഴു വെന്റിലേറ്റർ നൽകി. കോളേജ് ഓഡിറ്റേറിയത്തിൽ ഒരുക്കിയ ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രന് ഇവ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ.എം വിമല, കെ.വി റീന, പി സുരേന്ദ്രൻ, മെമ്പർമാരായ കൂടത്താങ്കണ്ടി സുരേഷ്, ഐ.പി രാജേഷ്, അഡിഷണൽ ഡി. എം.ഒ ഡോ. എൻ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മുഖേന 13,28,500 രൂപ നിരക്കിലാണ് വെന്റിലേറ്ററുകൾ വാങ്ങിയത്. അടിയന്തിര ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ കുറവ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് ഈ തീരുമാനമെടുക്കുകയായിരുന്നു.

ജില്ലയിലെ ഗ്രാമഞ്ചായത്തുകളിലെ കൊവിഡ് കെയർ സെന്ററുകൾക്കും വാർഡ് ആർ.ആർ.ടി കൾക്കുമായി 3700 പൾസ് ഓക്‌സീമീറ്ററുകളും നൽകിയിട്ടുണ്ട്. അംഗീകൃത പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ക്ലിനിക്കുകൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

Advertisement
Advertisement