9 ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കും

Wednesday 04 August 2021 12:32 AM IST

തിരുവനന്തപുരം:ഓഗസ്റ്റ് 9ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.

എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കുക, ആത്മഹത്യ ചെയ്ത വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിലാണ് മുൻനിലപാട് ആവർത്തിച്ചത്. തുറക്കുന്ന കടകൾക്കെതിരെ കേസെടുത്താൽ സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് നടക്കുന്ന റിലേ സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളാണ് പ്രതിഷേധിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ദേവരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റുമായ തോമസ് കുട്ടി, ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ കെ.എൻ.ദിവാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി തുടങ്ങിയവർ സംസാരിച്ചു.