സമഗ്ര കായിക നയം ജനുവരിയിൽ പ്രഖ്യാപിക്കും: മന്ത്രി അബ്‌ദുറഹ്മാൻ

Wednesday 04 August 2021 12:35 AM IST

തിരുവനന്തപുരം: സമഗ്ര കായിക വികസന നയം വരുന്ന ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും അതിനായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. ഇവർ തയ്യാറാക്കുന്ന കരട് കായിക മേഖലയിലെ മുഴുവൻ വിഭാഗങ്ങളുമായും ചർച്ച ചെയ്യും. സ്പോർട്സ് കേരള ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം ആഗസ്റ്റ് അവസാനം ചേരും. കോഴിക്കോട് സർവകലാശാലയിൽ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

വർഷത്തിൽ 50 കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കളിക്കളങ്ങളെ സ്ത്രീസൗഹ‍ൃദമാക്കുന്നതിനായി എല്ലാ സ്റ്റേഡിയങ്ങളിലും പിങ്ക് സോണുകൾ ആരംഭിക്കും. പിങ്ക് സ്റ്റേഡിയം ആലോചിക്കുന്നത് പരിഗണനയിലാണ്. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണം തേടും. കെ.ഡി. പ്രസേനൻ, കെ.ടി. ജലീൽ, കെ.വി. സുമേഷ്, ഒ.എസ്. അംബിക, കെ. ബാബു തൃപ്പൂണിത്തുറ, വി. ജോയ്, പി.കെ.ബഷീർ,എച്ച്.സലാം, സണ്ണി ജോസഫ്, പി.അബ്ദുൾഹമീദ്, പി.മുഹമ്മദ് മുഹസിൻ എന്നിവരുടേതായിരുന്നു ചോദ്യങ്ങൾ. ‌‌‌