ഗോദയിൽ തോൽവിത്തുടക്കം

Wednesday 04 August 2021 1:16 AM IST

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രതീക്ഷയായ ഗുസ്തിയിൽ തുടക്കം തോൽവിയോടെ. ഇന്നലെ വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആദ്യ റൗണ്ടിനിറങ്ങിയ സോനം മാലിക്ക് മംഗോളിയയുടെ ബൊലോർതുയ ഖുറെൽഖുവിനോട് തോൽക്കുകയായിരുന്നു. മംഗോളിയക്കാരി ഫൈനലിൽ എത്താത്തതിനാൽ സോനത്തിന് റെപ്പാഷെ റൗണ്ടിൽ വെങ്കലത്തിനായി മത്സരിക്കാനുള്ള അവസരം ലഭിച്ചതുമില്ല.

19 കാരിയായ സോനം ആദ്യ രണ്ട് റൗണ്ടിലും മികച്ച കാഴ്ചവച്ചിരുന്നു. 2-0ന് മുന്നിലായിരുന്ന സോനത്തിനെതിരെ അവസാന റൗണ്ടിൽ മംഗോളിയൻ താരം കാഴ്ചവച്ച പ്രത്യാക്രമണമാണ് വഴിത്തിരിവായത്. അവസാന സെക്കൻഡുകളിൽ സ്കോർ തുല്യതയിലാക്കിയ ഖുറെൽഖു മത്സരം ജയിച്ചതായി വിധികർത്താക്കൾ നിശ്ചയിക്കുകയായിരുന്നു .

തുടർന്ന് ക്വാർട്ടർ ഫൈനലിനിറങ്ങിയ ഖുറെൽഖു അവിടെ ബൾഗേറിയയുടെ തയ്ബേ മുസ്തഫ യുസേനോട് തോറ്റതോടെ സോനത്തിന്റെ റെപ്പാഷേ പ്രതീക്ഷയും പൊലിഞ്ഞു.

രവികുമാർ ഇന്നിറങ്ങും

പുരുഷന്മാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കൊളംബിയക്കാരൻ ടൈഗ്രറോസ് അർബാനോ ഒാസ്കാർ എഡ്വാർഡോയാണ് എതിരാളി. ഇന്ത്യൻ സമയം രാവിലെ എട്ടിന് തുടങ്ങുന്ന സെഷനിലെ നാലാമത്തെ മത്സരമാണ് രവിയുടേത്.

2019ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന താരമാണ് ഹരിയാനക്കാരനായ രവി.2020ലും 2021ലും നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലെ സ്വർണമെഡൽ ജേതാവ്.

യോഗേശ്വറിന്റെ മുറിയിൽ നിന്ന്

ഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന രവികുമാർ അവിടെ താമസിക്കുന്നത് 2012 ലണ്ടൻ ഒലിമ്പിക്സിൽ വെങ്കലം നേടിയ യോഗേശ്വർ ദത്ത് താമസിച്ചിരുന്ന മുറിയിലാണ്. ആ മുറി തനിക്ക് മെഡൽ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ 23കാരൻ.

Advertisement
Advertisement