കൊല്ലം സ്വദേശിയെ നയാഗ്രയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

Wednesday 04 August 2021 2:26 AM IST
അനന്തുകൃഷ്ണ

കൊല്ലം: സഹപാഠിയായ വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവിനെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായി.തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കാനഡയിലെ കൊൺസ്റ്റഗോ സർവകലാശാലയിൽ എൻജിനിയറിംഗ് എം.എസ് വിദ്യാർത്ഥിയായ, കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയെയാണ് (26) കാണാതായത്.

ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. കോൺസ്റ്റഗോ സർവകലാശാലയുടെ ഗുലേബ് കാമ്പസ് വിദ്യാർത്ഥിയാണ് അനന്തു. പാർട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തുവും ഒഴുക്കിൽപ്പെടുകയായിരുന്നു.

നയാഗ്ര പൊലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്.

എം.ടെക് കഴിഞ്ഞ അനന്തു കഴിഞ്ഞ ഏപ്രിലിലാണ് കൊൺസ്റ്റഗോ യൂണിവേഴ്സിറ്റിയിൽ 18 മാസം ദൈർഘ്യമുള്ള എം.എസ് കോഴ്സിന് ചേർന്നത്. ഒരു മാസത്തെ ഓൺലൈൻ ക്ലാസിനുശേഷം കഴിഞ്ഞ മേയിലാണ് കാനഡയിലേക്ക് പോയത്. പിതാവ് കോട്ടാത്തല ഷാജി കൊല്ലം ബാറിലെ അഭിഭാഷകനാണ്.നൈനയാണ് അമ്മ. നാലാം വർഷ എൽ.എൽ.ബി വിദ്യാർത്ഥി അശ്വിൻ ഷാജി സഹോദരനാണ്.

Advertisement
Advertisement