വാക്‌സിനെടുക്കാനെത്തി, രജിസ്ട്രേഷൻ കൃത്യമല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; കുത്തിവയ്പെടുത്തില്ലെങ്കിലും സർട്ടിഫിക്കറ്റ് കിട്ടി
കോഴിക്കോട്: അൻപതുകിലോമീറ്റർ സഞ്ചരിച്ച് വാക്‌സിൻ കേന്ദ്രത്തിലെത്തിയ വീട്ടമ്മയ്ക്ക് കുത്തിവയ്പ് നിഷേധിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് കൃത്യമായി കിട്ടി. കോഴിക്കോട് അരക്കിണർ താരിഖ് മൻസിലിൽ വി.നദീറയ്ക്കാണ് വാക്‌സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടിയത്.
രജിസ്‌ട്രേഷൻ കൃത്യമല്ലാത്തതിനാൽ വാക്‌സിൻ നൽകാൻ സാധിക്കില്ലെന്നായിരുന്നു കുത്തിവയ്‌പെടുക്കാനായി എത്തിയ നദീറയ്ക്ക് ആരോഗ്യ പ്രവർത്തകർ നൽകിയ മറുപടി. നിരാശയോടെ മടങ്ങി. എന്നാൽ വീട്ടിലെത്തിയപ്പോഴേക്ക് വാക്‌സിനെടുത്തതായുള്ള സർട്ടിഫിക്കറ്റ് ഫോണിലെത്തി.
പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം വാക്‌സിൻ കേന്ദ്രത്തിലെത്തിയെങ്കിലും ബുക്കിംഗ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന സന്ദേശം ഫോണിൽ ലഭിച്ചു.സർട്ടിഫിക്കറ്റിൽ പേരും, ആധാർ നമ്പരുമെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്.