വരുമാനത്തിന്റെ 75 ശതമാനവും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും, ഇങ്ങനെ തുടർന്നാൽ ശരിയാകില്ലെന്ന് കോടതി

Wednesday 04 August 2021 11:03 AM IST

കൊച്ചി: ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്തംബർ 29 വരെ നീട്ടിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജൂലായ് 29ലെ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് എ. ബദറുദ്ദീൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

എല്ലാ ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവുകൾ സർക്കാർ എത്രയും വേഗം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും, സെപ്‌തംബർ മൂന്നാം വാരത്തിനകം ട്രൈബ്യൂണലിന്റെ ഹർജി പരിഗണിച്ചു തീർപ്പാക്കണമെന്നും വിധിയിൽ പറയുന്നു. ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് അന്തിമ സ്വഭാവത്തിലുള്ളതാണെന്നും , ഇത്തരമൊരു ഉത്തരവ് നൽകരുതായിരുന്നുവെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ട്രൈബ്യൂണലിന്റെ ഉത്തരവ് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാക്കുമെന്നും ഒരു ലിസ്റ്റിന് മാത്രമായി കാലാവധി നീട്ടാനാവില്ലെന്നും പി.എസ്.സിയുടെ അഭിഭാഷകൻ പി.സി. ശശിധരൻ വാദിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതടക്കമുള്ള പ്രത്യേക സാഹചര്യങ്ങളുണ്ടെങ്കിലാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്. ഇത് പി.എസ്.സിയുടെ അധികാരത്തിൽപ്പെട്ടതാണ്. കോടതിക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നു പറയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി.

എന്നാൽ ,റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് മൂന്നു മാസം മുതൽ ഒന്നര വർഷം വരെ നീട്ടി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്കു വേണ്ടി ഹാജരായ അഡ്വ. എ. അരുണ വാദിച്ചു. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് ഉൾപ്പെടെ 493 ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടാൻ 2021 ഫെബ്രുവരി അഞ്ചിനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇവയുടെ കാലാവധി ആഗസ്റ്റ് നാലു വരെയായി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 29 നു കഴിയാനിരിക്കെയായിരുന്നു ഇത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിന് 36 ദിവസം മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ അന്തിമമായി പരിഗണിച്ച് ട്രൈബ്യൂണൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനായി കേസിലെ കക്ഷികൾ മൂന്നാഴ്ചയ്ക്കകം ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകണം.

എം.എസ്‌സിക്കാർക്ക് ആടിനെ വളർത്തിയാൽ എന്തെന്ന് ഹൈക്കോടതി
കൊച്ചി: എം.എസ്‌സി പഠിച്ചയാൾ രണ്ട് ആടിനെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റാറ്റസ് നഷ്ടമാകുമോ? ബി.എ പഠിച്ചാൽ പിന്നെ ആടിനെയൊന്നും തൊടാൻ പറ്റില്ലെന്ന മനോഭാവമാണ് നിലനിൽക്കുന്നത്.

പി.എസ്.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസും ജസ്റ്റിസ് എ. ബദറുദ്ദീനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വാക്കാൽ പറഞ്ഞത്.

വരുമാനത്തിന്റെ 75 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് സർക്കാർ വിനിയോഗിക്കുന്നത്. ഇങ്ങനെ തുടരാനാവില്ല. സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമൊന്നുമുണ്ടാവില്ല. യുവാക്കളുടെ മനോഭാവം മാറണം. സർക്കാർ ജോലിയെ ഇങ്ങനെയങ്ങ് ആശ്രയിക്കാൻ കഴിയില്ല. യൂറോപ്യൻ മാതൃകയിലുള്ള സംരംഭങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുമ്പോൾ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇങ്ങനെ നീട്ടേണ്ടതുണ്ടോ? ഇക്കാര്യങ്ങളിൽ നിയമപരമായി മാത്രമേ തീരുമാനമെടുക്കാനാവൂ - ഹൈക്കോടതി പറഞ്ഞു.

Advertisement
Advertisement