കൃത്യനിർവഹണത്തിൽ വീഴ്ച: മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർക്ക് സ്ഥലം മാറ്റം

Thursday 05 August 2021 12:39 AM IST

മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അമ്പലപ്പാറയിലെ കോഴി മാലിന്യനിർമ്മാർജ്ജന ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ അഗ്നിശമന സേനാ ജീവനക്കാർക്ക് പൊള്ളലേറ്റ സംഭവത്തിൽ മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ എൽ. സുഗുണനെ സ്ഥലം മാറ്റി.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഫയർ ഉദ്യോഗസ്ഥരാരും ഫയർ സ്യൂട്ട് ധരിച്ചില്ലെന്നതാണ് പൊള്ളലേൽക്കാൻ കാരണമായതെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.

തീ അണയ്ക്കാനുള്ള പ്രവർത്തിയിൽ ഏർപ്പെടുന്ന ജീവനക്കാർ നിർബന്ധമായും ഫയർ സ്യൂട്ട് ധരിക്കണമെന്ന് സ്റ്റേഷൻ ഓഫീസർമാർക്ക് റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ നിർദ്ദേശമുണ്ട്. ഇതിൽ മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്.

സ്റ്റേഷൻ ഓഫീസർ സുഗുണനെ പീരുമേട് നിലയത്തിലേക്കാണ് സ്ഥലം മാറ്റിയത്. മണ്ണാർക്കാട് നിലയത്തിലെ ജീവനക്കാർക്കും താക്കീത് നൽകിയിട്ടുണ്ട്.

Advertisement
Advertisement