ഇടത് എം.എൽ.എമാരുടെ അക്രമം, ലോക മലയാളികൾക്ക് നാണക്കേട്:വി.ഡി സതീശൻ

Thursday 05 August 2021 12:00 AM IST

തിരുവനന്തപുരം: കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണ ദിവസം ഇടത് എം.എൽ.എമാർ നിയമസഭയിൽ നടത്തിയ അക്രമം ലോക മലയാളികൾക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ അതിക്രമത്തിൽ പങ്കാളികളായ എം.എൽ.എമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ അത് നിയമവാഴ്ചയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകും. നിയമസഭയിൽ അക്രമം നടത്തിയതിലെ പ്രധാന പ്രതി മന്ത്രി ശിവൻകുട്ടിയാണ്. കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വില നിർണയം നടത്തിയ പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും വാച്ച് ആൻഡ് വാർഡർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരും സാക്ഷി പറയേണ്ടി വരും. പ്രതി സ്ഥാനത്തുള്ള ആൾ മന്ത്രിയായി തുടരുന്നത് കേസിന്റെ സ്വതന്ത്രവും നീതിപൂർവവുമായ വിചാരണയ്ക്ക് തടസമായി മാറും. അതിനാലാണ് ശിവൻകുട്ടി രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എം.കെ. മുനീർ, കെ.ബാബു, അനൂപ് ജേക്കബ്, പി.സി വിഷ്ണുനാഥ്, പി.ടി.തോമസ്, ടി.സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ കൊട്ടാരക്കര പൊന്നച്ചൻ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, മുൻമന്ത്രി വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.