ഇളവിൽ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ; ഇരയാവുക പതിനായിരങ്ങൾ

Thursday 05 August 2021 12:46 AM IST

മലപ്പുറം: ''വിസ കാലാവധി സെപ്തംബറിൽ തീരും. വലിയ തുക നൽകി മറ്റ് രാജ്യങ്ങളിലൂടെ യു.എ.ഇയിലേക്ക് പോകാൻ സാമ്പത്തിക ശേഷിയില്ല. നേരിട്ട് പോകാൻ അവസരം ലഭിച്ചപ്പോൾ വിമാന ടിക്കറ്റിന് കൊള്ളവിലയും. ജോലി നഷ്ടപ്പെടാതിരിക്കാൻ ഇതു സഹിക്കുകയല്ലാതെ വഴിയില്ല.'' ദുബായ് കൺസ്ട്രക്‌ഷൻ കമ്പനിയിലെ സാധാരണ തൊഴിലാളിയായ മമ്പാട് ടാണ സ്വദേശി ഇസ്‌മായിലിന്റെ മാത്രം അവസ്ഥയല്ലിത്. സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള യു.എ.ഇയിലേക്ക് രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം പ്രവേശനാനുമതി ലഭിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നു മടങ്ങിലധികം കൂട്ടി. രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്ത താമസവിസക്കാർക്ക് ഇന്നുമുതൽ യു.എ.ഇയിൽ പ്രവേശിക്കാം. ഏപ്രിൽ 24നാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്. പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമോയെന്ന ഭീതിയിൽ എത്രയും പെട്ടെന്ന് യു.എ.ഇയിൽ എത്താനാണ് പ്രവാസികളുടെ ശ്രമം. ഈ അവസരം മുതലെടുത്താണ് ഈ മാസം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. സെപ്തംബർ 15 മുതൽ 10,000 രൂപയ്ക്കും ടിക്കറ്റുണ്ട്.

 കൂട്ടിന് എയർ ഇന്ത്യയും
കുറഞ്ഞ നിരക്ക് ഈടാക്കാറുള്ള എയർഇന്ത്യ എക്സ്‌പ്രസിലടക്കം 23,500 മുതൽ 28,600 രൂപ വരെ വേണം. തിരിച്ച് കേരളത്തിലേക്ക് 9,500 രൂപയ്ക്ക് ടിക്കറ്റുണ്ട്. എയർ ഇന്ത്യയിൽ ഈ മാസം 15 വരെയുള്ള ടിക്കറ്റുകൾ തീർന്നു. ആഗസ്റ്റ് 16ന് 25,870 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വ്യത്യാസമേയുള്ളൂ.

ഇന്നത്തെ നിരക്ക്

 കോഴിക്കോട് - ദുബായ്

ഫ്ലൈ ദുബായ്: 31,000

ഇൻഡിഗോ : 37,​000

എയർ അറേബ്യ - 29,000

 കൊച്ചി - ദുബായ്

എമിറേറ്റ്സ് - 26,000

ഇൻഡിഗോ - 36,000

സ്പൈസ് ജെറ്റ് - 37,000

 ചില്ലറയല്ല ആശ്വാസം

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയതോടെ മാലി,​ അർമേനിയ,​ ഉസ്ബക്കിസ്ഥാൻ,​ ഖത്തർ,​ നേപ്പാൾ,​ സെർബിയ,​ എത്യോപ്യ എന്നീ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനു ശേഷമാണ് പ്രവാസികൾ യു.എ.ഇയിൽ എത്തിയിരുന്നത്. പാക്കേജിന് ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെ ട്രാവൽ ഏജൻസികൾ ഈടാക്കിയിരുന്നു.

Advertisement
Advertisement