കേരളമടക്കം എട്ട്​ സംസ്ഥാനങ്ങളിൽ കൊവിഡ്​ വർദ്ധിക്കുന്നുവെന്ന്​ കേന്ദ്രം

Thursday 05 August 2021 1:46 AM IST

ന്യൂഡൽഹി: രാജ്യത്ത്​ കൊവിഡ്​ രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വർദ്ധിച്ച ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്​. കേരളം, തമിഴ്​നാട്, ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ, ലക്ഷദ്വീപ്, മിസോറാം, കർണാടക, പുതുച്ചേരി ​ എന്നീ എട്ട്​ സംസ്​ഥാനങ്ങളിൽ കൊവിഡ്​ വ്യാപനം കൂടുകയാണ്​. കേരളത്തിലെ കൊവിഡ്​ വ്യാപനം മറ്റു സംസ്​ഥാനങ്ങളേക്കാൾ ഏറെ കൂടുതലാണ്​. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.

ഒരാളിൽ നിന്ന്​ ഒന്നിലധികം ആളുകൾക്ക്​ കൊവിഡ്​ വ്യാപിക്കുന്നത്​ കേരളമടക്കമുള്ള എട്ട്​ സംസ്​ഥാനങ്ങളിലാണ്​. അതായത്​ നൂറ്​ രോഗികളിൽ നിന്ന്​ നൂറിലധികം ആളുകളിലേക്ക്​ പുതിയതായി കൊവിഡ്​ ബാധിക്കുന്നുണ്ട്​. അതായത് കൊവിഡ്​ വ്യാപന തോത്​ കൂടുതലാണ്.

അതേസമയം, നൂറ്​ രോഗികളിൽ നിന്ന്​ നൂറിൽ കുറവ്​ ആളുകളിലേക്ക്​ മാത്രമാണ്​ രോഗം പകരുന്നതെങ്കിൽ വ്യാപന തോത്​ കുറയുകയാണ്. കൊവിഡ്​ തരംഗം അവസാനിക്കാൻ ഈ പ്രവണത പ്രകടമാകണം. കേരളം, തമിഴ്​നാട്​ അടക്കമുള്ള സംസ്​ഥാനങ്ങളിൽ വ്യാപന തോത്​ കൂടി തന്നെ നിൽക്കുന്നതിനാൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ്​ കേന്ദ്രം പറയുന്നത്​. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എട്ട്​ സംസ്​ഥാനങ്ങളിലെ പ്രവണത മറിച്ചാണ്​. കൂടുതൽ ജാഗ്രത ഉണ്ടെങ്കിലേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാവൂ.

Advertisement
Advertisement