അമ്മയുടെ കണ്ണീരിന് ഫലം കണ്ടു ഇറാൻ ജയിലിൽ നിന്ന് മകന് മോചനം

Thursday 05 August 2021 1:48 AM IST

 പ്രധാനമന്ത്രിക്ക് കത്തയച്ചത് റിട്ട. ഫോറസ്റ്റ് റേ‌ഞ്ച് ഓഫീസർ

തിരുവനന്തപുരം: ഇറാൻ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിനായി അമ്മ ഷെർലി മുട്ടാത്ത വാതിലുകളില്ല, അതിനായി ശ്രമിക്കാത്ത ദിവസങ്ങളില്ല. ഒടുവിൽ മുൻ പരിചയമില്ലാത്ത കൊല്ലം പരവൂർ സ്വദേശിയും റിട്ട. ഫോറസ്റ്റ് റേ‌ഞ്ച് ഓഫീസറുമായ രാജീ വാമദേവന്റെ പരിശ്രമത്തിലൂടെ അതിന് വഴിയൊരുങ്ങി. തൃശൂർ മാമ്പ്ര പാറപറമ്പിൽ വീട്ടിൽ ദീപക് രവിയും (27) നാല് ഇന്ത്യക്കാരുമാണ് ഇറാൻ ജയിലിൽ നിന്ന് പത്തു ദിവസത്തിനകം മോചിതരാകുന്നത്. ഇവരുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിവേദനം അയച്ചത് ഉൾപ്പെടെ ഇടപെടൽ നടത്തിയത് രാജീ വാമദേവനാണ്.

മീൻ കച്ചവടക്കാരനായ രവിയുടേയും ഷെർലിയുടേയും മകനായ ദീപക് ജയ്‌‌പൂരിൽ മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് ഏജന്റ് വഴി രണ്ടരലക്ഷം രൂപ നൽകിയാണ് ദുബായിലെത്തിയത്. അവിടെ നിന്നാണ് എം.ടി മനമൻ 8 എന്ന എണ്ണ കപ്പലിൽ ജോലിക്ക് കയറിയത്. ഷിപ്പിംഗ് കമ്പനിയിലെ ജോലിക്ക് താത്പര്യമില്ലായിരുന്നെങ്കിലും വീട്ടിലെ അവസ്ഥയോർത്താണ് അതിന് തയാറായത്. വായ്പയെടുത്തും സ്വർണം വിറ്റുമൊക്കെയാണ് ദുബായിലേക്ക് പോകാൻ തുക കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 17നാണ് മകന്റെ ഓൺലൈൻ സന്ദേശം അവസാനമായി ലഭിച്ചതെന്ന് ഷെർലി പറയുന്നു. അടുത്ത ദിവസം ദീപക്കിനെയും ധീരേന്ദ്രു, വെങ്കിട് രമണൻ, ശിവ അലു, മോഹിത് എന്നിവരേയും അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ഇറാൻ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്തു. ജയിലിൽ ഒപ്പമുള്ള ഒരാളുടെ അച്ഛൻ ഷെർലിയെ വിളിച്ചാണ് ദീപക് ജയിലാണെന്ന വിവരം അറിയിച്ചത്.

ഷെർലിയുടെ പരിചയക്കാരനായ അബുദാബിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ജയകുമാറാണ് രാജീ വാമദേവന്റെ ഫോൺ നമ്പർ നൽകിയത്. നിരാലംബരായ നിരവധി ആളുകളുടെ പ്രശ്നം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് രാജീ വാമദേവനാണ്.

മോചനം സാദ്ധ്യമായത്

കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാജീ വാമദേവൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മലയാളിയായ സുധാകരൻ ജയിലിലെത്തി ദീപക്കിനേയും മറ്റുള്ളവരേയും സന്ദർശിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കി. രണ്ടു തവണ ഇവരെ മോചിപ്പിക്കാൻ ജയിൽ അധികൃതർ തയാറായെങ്കിലും കപ്പൽ അധികൃതർ ജയിലിലെത്താത്തതിനാൽ നിയമനടപടികൾ പൂർത്തിയായില്ല. തുടർന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയിലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയും ഇടപെട്ടതോടെ കാര്യങ്ങൾ വേഗത്തിലായി.

Advertisement
Advertisement