പച്ചത്തവള പച്ചപിടിച്ചാൽ പച്ചനോട്ടുകൾ കൈയിൽ വരും

Thursday 05 August 2021 2:21 AM IST

തവളക്കൃഷിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി തേടി

കൊച്ചി:കേരളത്തിലെ പാടങ്ങളിൽ പച്ചത്തവളകളെ വളർത്താം. തവളയിറച്ചി കയറ്റുമതി ചെയ്യാം. ഒരു കിലോയ്ക്ക് ആയിരം രൂപയിലേറെ കിട്ടും. വലിയൊരു വരുമാന സാദ്ധ്യതയാണ്...

ഇന്ത്യയിൽ നിന്ന് ആദ്യമായി തവളയിറച്ചി കയറ്റുമതി ചെയ്‌ത മുൻ എം.എൽ.എ അവിര തരകന്റെ മകൻ പി.എ. ലാലൻ തരകന്റെ നിർദ്ദേശമാണിത്. മത്സ്യവിഭവ കയറ്റുമതിക്കാരനാണ് അദ്ദേഹം.

പക്ഷേ ഒരു തടസമുണ്ട്. നാടൻ തവളകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ തവള ഇറച്ചി കയറ്റുമതി കേന്ദ്ര സർക്കാർ 1982 മുതൽ നിരോധിച്ചിരിക്കയാണ്. മത്സ്യവിഭവ കയറ്റുമതിക്കാരുടെ സംഘടന അതിന് പോംവഴിയും നിർദ്ദേശിക്കുന്നുണ്ട്. നാടൻ തവളകളെ സംരക്ഷിക്കുമ്പോൾ തന്നെ വിദേശത്തു നിന്ന് വിത്തുകൾ ഇറക്കുമതി ചെയ്‌ത് ഫാമുകളിൽ തവളക്കൃഷി നടത്താം. അത് കയറ്റുമതി ചെയ്യാം. പിന്നീട് ഇവിടെത്തന്നെ വിത്തുകൾ ഉൽപ്പാദിപ്പിക്കാം. ഇതിന് അനുമതിക്കായി സംഘടന കേന്ദ്ര - സംസ്ഥാന ഫിഷറീസ്, വാണിജ്യ, വന്യജീവി വകുപ്പുകൾക്ക് നിവേദനങ്ങൾ നൽകിരിക്കയാണ്.

അനുമതി ലഭിച്ചാൽ ഭാവിയിൽ വിത്തുകൾ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ ഇടവിളയായി തവളകളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താം.

നമ്മുടെ പച്ചത്തവള


ബുൾ ഫ്രോഗെന്ന് സായിപ്പ് വിളിക്കുന്നു. പ്രജനനകാലത്ത് കാളയുടെ ശബ്ദം പുറപ്പെടുക്കുന്നതിനാൽ ബുൾ ഫ്രോഗെന്ന പേര്. ശാസ്ത്രനാമം ലിത്തോബേറ്റ്‌സ് കാറ്റസ്ബീയനസ്. അമേരിക്കയും കാനഡയുമാണ് സ്വദേശം. ഇന്ത്യയിൽ ആന്ധ്ര, പശ്ചിമഘട്ടം, മധുര, മഹാരാഷ്ട്ര, കന്യാകുമാരി, കർണാടകം എന്നിവിടങ്ങളിൽ വളരുന്നു. കുളങ്ങൾ, തടാകങ്ങൾ, പാടങ്ങൾ എന്നിവിടങ്ങളിലാണ് വാസം.
അമേരിക്ക,​ യൂറോപ്പ്, ചൈന, ജപ്പാൻ, തെക്കു കിഴക്ക് ഏഷ്യ എന്നിവിടങ്ങളിൽ പ്രിയ വിഭവം. തവളയിറച്ചി കയറ്റുമതി വലിയ ബിസിനസാണ്. തായ്‌ലൻഡ്, സിംഗപ്പൂർ, വിയറ്റ്‌നാം, കംബോഡിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഫാമുകളിൽ വളർത്തുന്നു.

വലിപ്പം : 9 - 15 സെന്റീമീറ്റർ

വളർച്ച: 8 മാസം

തൂക്കം : 500 - 800 ഗ്രാം

വില : കിലോയ്ക്ക് 14 ഡോളർ മുതൽ ( 1000 രൂപയിലേറെ )​

കേരളം അനുയോജ്യം

പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങും. രണ്ടു സെന്റ് സ്ഥലം മതി. മുതൽമുടക്ക് കുറവ്. വിയറ്റ്‌നാമിൽ 1000 ഏക്കറിൽ തവളക്കൃഷിയുണ്ട്.

കേരളത്തിലും ഫാമുകളിൽ വളർത്താം. സർക്കാരുകൾ അനുകൂലനിലപാട് സ്വീകരിച്ചാൽ കേരളത്തിന് വലിയ സാദ്ധ്യതകളുണ്ട്.

പി.എ. ലാലൻ തരകൻ
തരകൻ ഫുഡ്‌സ് ലിമിറ്റഡ്

Advertisement
Advertisement