തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിക്കെന്ന് കെ.സുധാകരൻ

Thursday 05 August 2021 2:23 AM IST

തിരുവനന്തപുരം: നിയമസഭ തല്ലി തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേതെന്നും ആഭാസത്തരം മാത്രം കൈമുതലുളള വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് ഉൾക്കൊളളാൻ കഴിയില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നിയമസഭ കൈയാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മണ്ഡലംതലത്തിൽ സംഘടിപ്പിച്ച ധർണ നേമത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റേതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല. നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈ തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. കൈപിഴ തിരുത്താൻ നേമത്തെ വോട്ടർമാർ തയ്യാറാകണം. നാണവും മാനവുംകെട്ട അന്തസില്ലാത്ത എം.എൽ.എമാരെ ചുമക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കമ്പറ നാരായണൻ, മണക്കാട് സുരേഷ്, മുടവൻമുഗൾ രവി, ജി.വി.ഹരി, ആർ.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.