ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിൽ തോൽക്കാൻ കാരണം ടീമിൽ ദളിതർ കൂടുതൽ ഉള്ളതിനാൽ, ഹോക്കി താരത്തിന്റെ വീടിനു മുന്നിൽ വർഗീയ അധിക്ഷേപം

Thursday 05 August 2021 11:48 AM IST

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് സെമിഫൈനലിൽ അർജന്റീനയ്‌ക്കതിരെ തോറ്റതിനു പിന്നാലെ ടീമംഗവും മുൻ ക്യാപ്ടനുമായ വന്ദനാ കട്ടാരിയയുടെ ഹരിദ്വാറിലെ വീടിനു മുന്നിൽ വർഗീയാധിക്ഷേപം. ടീം തോറ്റതിനു കാരണം ദേശീയ ടീമിൽ ഒരുപാട് ദളിതർ ഉള്ളതിനാലാണെന്നും ഹോക്കിയിൽ മാത്രമല്ല ഒരു കായികവിനോദത്തിലും ദളിതരെ ഉൾപ്പെടുത്തരുതെന്ന് ഇവർ പറഞ്ഞതായും വന്ദനയുടെ ബന്ധുക്കൾ ആരോപിച്ചു.

ടീം സെമിഫൈനലിൽ തോറ്റതിനു ശേഷമാണ് ബൈക്കിൽ വന്ന രണ്ടു പേർ വന്ദനയുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചതെന്ന് താരത്തിന്റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇവരെ രണ്ടുപേരെയും മുമ്പ് കണ്ടിട്ടുണ്ടെന്നും മുന്നാക്ക ജാതിയിൽപെട്ടവരാണിവർ ഇരുവരുമെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. ഇവരുടെ പരാതിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

തങ്ങളുടെ വർഗീയമായി അധിക്ഷേപിച്ച ഇവർ ഇട്ടിരുന്ന വസ്ത്രം മാറ്റിയ ശേഷം വീടിനു മുന്നിൽ പടക്കം പൊട്ടിക്കുകയും പ്രത്യേക രീതിയിൽ നൃത്തം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. താഴ്ന്ന ജാതിക്കാരെ കളിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന നൃത്തച്ചുവടുകളായിരുന്നു ഇവരുടേതെന്ന് വന്ദനയുടെ ബന്ധുക്കൾ സമർപ്പിച്ച പരാതിയിൽ പറയുന്നു.

സെമിയിൽ അർജന്റീനയ്‌ക്കെതിരെ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ഇന്ത്യൻ വനിതകൾ 1 - 2ന് തോൽവി സമ്മതിച്ചത്. ഇനി ഇവ‌ർ വെങ്കല മെഡലിനായി മത്സരിക്കും.

Advertisement
Advertisement