സംസ്ഥാനത്ത് കൊവിഡ് ഇളവുകൾ പ്രാബല്യത്തിൽ, സർവത്ര ആശയക്കുഴപ്പം, എതിർപ്പും ശക്തം

Thursday 05 August 2021 12:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗൺ ഇളവുകളിൽ കടകളിൽ എത്തുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ സർവത്ര ആശയക്കുഴപ്പം. ഇന്നുമുതൽ കടകളിൽ എത്തുന്നവർക്ക് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് നടത്തിയ ആർ ടി പി സി ആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. അല്ലെങ്കിൽ ഒരുമാസം മുമ്പ് കൊവിഡ് വന്നുപോയവർ ആകണം എന്നതാണ് നിബന്ധന.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാരികൾ ഉൾപ്പടെയുള്ള രംഗത്തെത്തിയിട്ടുണ്ട്. എത്രപേർക്ക് ഇത്തരത്തിൽ പുറത്തിറങ്ങാൻ ആവുമെന്നാണ് അവർ ചോദിക്കുന്നത്. വാക്സിനെടുക്കാൻ ആകാത്തവർ നിരവധിയാണ്. ആർ ടി പി സി ആർ പരിശോധന പണച്ചെലവുളള കാര്യവുമാണ്. മൂന്നുദിവസത്തിലൊരിക്കൽ ആർ ടി പി സി ആർ പരിശോധന നടത്തുന്നത് സാധാരണക്കാർക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. അതാണ് പ്രതിഷേധം ഉയരാൻ കാരണവും.

കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് അവർ.

വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്.

ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

Advertisement
Advertisement