ഇന്ത്യൻ ഹോക്കി ടീമിന് ആശംസ നേരുമ്പോഴും ധോണിക്ക് ചെറിയൊരു കൊട്ട് കൊടുക്കാൻ മറക്കാതെ ഗംഭീർ

Thursday 05 August 2021 4:24 PM IST

ന്യൂഡൽഹി: 41 വർഷങ്ങൾക്കു ശേഷം ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ സ്വന്തമായ സന്തോഷം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ ഇന്ത്യൻ ടീമിന് ആശംസ അറിയിച്ചു കൊണ്ട് ട്വിറ്ററിൽ എത്തി. കായികരംഗത്തു നിന്ന് മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരേന്ദ്ര സെവാഗ് എന്നിവരും തങ്ങളുടെ ആശംസകൾ അറിയിച്ചു. എന്നാൽ മുൻ ക്രിക്കറ്ററും ബി ജെ പി എം പിയുമായ ഗൗതം ഗംഭീറിന്റെ ട്വീറ്റാണ് ഇപ്പോൾ സംസാര വിഷയമായിരിക്കുന്നത്.

1983, 2007, 2011 വർഷങ്ങൾ നമുക്ക് മറക്കാം, ഈ മെഡൽ ഏതൊരു ലോകക്കപ്പ് ജയത്തെക്കാളും വലുതാണെന്നാണ് ഗംഭീർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകക്കപ്പ് സ്വന്തമാക്കിയപ്പോൾ 2007ലും 2011ലും ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ വിജയങ്ങൾ. ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പുറത്താക്കാനുള്ള പ്രധാന കാരണം ധോണി എടുത്ത ചില കടുത്ത തീരുമാനങ്ങളായിരുന്നുവെന്നത് ഏവർക്കും അറിയുന്ന കാര്യങ്ങളാണ്. ടീമിൽ നിന്ന് പുറത്താക്കപ്പെട്ട അന്നു മുതൽ ഗംഭീർ ധോണിയുടെ കടുത്ത വിമർശകൻ കൂടിയാണ്. ഇതെല്ലാം വച്ചു നോക്കുമ്പോൾ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടം ധോണിയുടെ കീഴിലുള്ള ഏതൊരു ക്രിക്കറ്റ് വിജയത്തെക്കാളും വലുതാണെന്ന ധ്വനി നൽകുന്നതാണ് ഗംഭീറിന്റെ പുതിയ ട്വീറ്റ്. ഗംഭീറിന്റെ ട്വീറ്റിനു താഴെ താരത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ മറുപടി പോസ്റ്റുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisement
Advertisement