പുണ്യതീർത്ഥങ്ങളിൽ വിലക്ക്, ബലിതർപ്പണം വീട്ടിലാക്കാം

Friday 06 August 2021 12:52 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്.

ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിലും കൂട്ടംകൂടിയുള്ള ബലി തർപ്പണം അനുവദിക്കില്ല. കഴിഞ്ഞ വർഷത്തെപോലെ വീട്ടുമുറ്റങ്ങളിൽ ബലി തർപ്പണം നടത്തുന്നതിനോടാണ് ആരോഗ്യവിദഗ്ദ്ധർക്ക് യോജിപ്പ്.

ബലി കർമ്മത്തിന് ഉത്തമം 'ഇല്ലം,​ നെല്ലി,​ വല്ലം' എന്നൊരു ചൊല്ലു തന്നെയുണ്ട്. നെല്ലി തിരുനെല്ലിയും വല്ലം തിരുവല്ലവുമാണ്. 'ഇല്ലം' വീടുതന്നെ.

കുളിച്ച് ശുദ്ധിയായി തീർത്ഥഘട്ടങ്ങളിൽ എങ്ങനെയാണോ അങ്ങനെ, വീട്ടുമുറ്രത്തു ഇടതുമുട്ട് നിലത്തൂന്നിയിരുന്ന് കർമ്മം ചെയ്യുന്നതാണ് പതിവ്. അതു കഴിയാത്തവർക്ക് സൗകര്യമനുസരിച്ച് ഇരിക്കാമെന്ന് പുരോഹിതർ പറയുന്നു. പുരുഷൻമാരും വിധവകളും തെക്കോട്ടു നിന്നാണ് കർമ്മം ചെയ്യേണ്ടത്. മറ്റുള്ളവർ കിഴക്കോട്ടു നോക്കിയും.

'' മന്ത്രം അറിവില്ലായ്മയാൽ തെറ്റുന്നതുകൊണ്ട് കുഴപ്പമില്ല. തലേദിവസം കൃത്യമായി ഒരിക്കൽ വ്രതമെടുക്കുക. ഓരോന്നും അർപ്പിക്കുമ്പോൾ കൃത്യമായി പിതൃക്കളെ ധ്യാനിക്കുക. ശുദ്ധിപാലിക്കുക. ഇതിലാണ് കാര്യം''

- നാരായണ ശർമ്മ,

പുരോഹിതൻ,

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

Advertisement
Advertisement