അജൈവ മാലിന്യ ശേഖരണ പദ്ധതി തുടങ്ങി

Thursday 05 August 2021 11:02 PM IST
അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന നഗരസഭയുടെ പദ്ധതിയുടെ ഉദ്ഘാടനം കെ. എസ്. ആർ.ടി. സി ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ ഡി. സജി നിർവ്വഹിക്കുന്നു.

അടൂർ: നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. കെ. എസ്. ആർ. ടി. സി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറി നഗരസഭാ ചെയർമാൻ ഡി സജി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ ,കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിത സഹായ സ്ഥാപനം പ്രതിനിധി ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു . വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, പേപ്പറുകൾ മുതലായവയാണ് ആദ്യഘട്ടത്തിൽ ഹരിത കർമ്മ സേന മുഖാന്തിരം ശേഖരിക്കുക. ഇവ ശേഖരിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകണം. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിന് ശ്രീമൂലം മാർക്കറ്റിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. വരും ദിവസങ്ങളിൽ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും.കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച വീടുകളിലെ അജൈവ മാലിന്യശേഖരണം പുനരാരംഭിച്ചു.

Advertisement
Advertisement