ഭീതിയുയർത്തി ബൈക്ക് അഭ്യാസം,സമാധാനം നഷ്ടപ്പെട്ട് നാട്ടുകാർ, റോഡ് വാഴും കൊലകൊല്ലികൾ

Friday 06 August 2021 12:15 AM IST
വേളൂർ മുണ്ടകം പാടം റോഡി​ൽ ബൈക്കി​ൽ അഭ്യാസം നടത്തുന്ന യുവാവ്

തിരുവല്ല: ഇരമ്പിച്ച ശബ്ദത്തോടെ പാഞ്ഞുവരുന്ന ബൈക്കുകാരെ പേടിച്ച് റോഡിലിറങ്ങാൻ ഭയപ്പെടുകയാണ് വേങ്ങൽ നിവാസികൾ. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നിന്ന് വേളൂർ മുണ്ടകം പാടത്തേക്ക് അടുത്തകാലത്ത് നിർമ്മിച്ച റോഡിലാണ് ന്യുജെൻകാരുടെ മരണപ്പാച്ചിൽ. രാപകൽ വ്യത്യാസമില്ലാതെ പലസ്ഥലങ്ങളിൽ നിന്ന് ചെറുപ്പക്കാരുടെ നിരവധി സംഘങ്ങളാണ് ഇവിടെത്തി വിലസുന്നത്. റോഡ് കൈയടക്കി 150 കി.മീറ്റർ വരെ വേഗതയിലാണ് ബൈക്കിലെ അഭ്യാസ പ്രകടനങ്ങൾ. കാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് കൂട്ടുകാരുമായി മത്സരിച്ചാണ് മിക്കപ്പോഴും ബൈക്കിൽ പായുന്നത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ബൈപ്പാസിൽ അപകടത്തിൽപ്പെട്ട യുവാക്കളും ഇവിടുത്തെ നിത്യസന്ദർശകരായിരുന്നു. മിനുസപ്പെടുത്തി നിർമ്മിച്ച റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബൈക്കിലെ പ്രകടനങ്ങൾ. പലതവണ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വേളൂർ മുണ്ടകം റോഡിന്റെ വശങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ പാർക്കുന്നുണ്ട്. ബൈക്ക് അഭ്യാസികൾ കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വഴിയിലൂടെ പോകാൻ ഭീതിയാണ്. റോഡിന്റെ നിർമ്മാണം മുഴുവനും പൂർത്തിയായിട്ടില്ല. അതിനാൽ ഈ വഴിയിലൂടെ തന്നെ തിരിച്ചുപോകണം. റോഡിന്റെ അവസാനഭാഗത്ത് വീടുകൾ കുറവാണ്. പ്രകൃതിരമണീയമായ ഇവിടെയാണ് മരണവേഗക്കാർ താവളമാക്കിയിരിക്കുന്നത്. യുവാക്കൾ ഇവിടെ സംഘം ചേരുന്നത് നാട്ടുകാർ ആദ്യം കാര്യമാക്കിയിരുന്നില്ല. എന്നാലിപ്പോൾ യുവാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങൾ നാട്ടുകാരെ ഭീതിയിലാക്കുന്നു. അടുത്തിടെ പരാതിപ്പെടുമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ബൈക്കിടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം കടന്നുപോയത്.

ലഹരിക്ക് കഞ്ചാവും
വിജനമായ വേളൂർ മുണ്ടകം ഭാഗത്ത് യുവാക്കൾ തമ്പടിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതി ശക്തമാണ്. വാഹനത്തിരക്കില്ലാത്ത റോഡിന്റെ വശങ്ങളിൽ ലഹരി ഉപയോഗിച്ചശേഷമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചിട്ടുണ്ട്. അമിതവേഗത്തിൽ പായുന്ന പലരും ലഹരി ഉപയോഗിച്ചിട്ടാണ് ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

പൊലീസ് പട്രോളിംഗ് ശക്തമാക്കണം
വേങ്ങൽ നിവാസികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായിരിക്കുകയാണ് ബൈക്ക് സംഘം. വേളൂർമുണ്ടകം റോഡിലെ ബൈക്ക് യാത്രികരുടെ അമിതവേഗതയും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസും മോട്ടോർ വാഹനവകുപ്പും ശക്തമായ നടപടി സ്വീകരിക്കണം.
സോമൻ താമരച്ചാലിൽ
പുളിക്കീഴ് ബ്ലോക്ക് മെമ്പർ

Advertisement
Advertisement