പിള്ളയുടെ വിൽപ്പത്ര വിവാദം: കോടതിയെ സമീപിച്ച് മകൾ ഉഷ

Friday 06 August 2021 12:00 AM IST

കൊട്ടാരക്കര: മുൻമന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാനുമായ അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. വിൽപ്പത്രത്തിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പടുന്നു. കേസിന്റെ രേഖകൾ ഹാജരാക്കാൻ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു.

പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസിൽ നടന്ന ഹിയറിംഗിൽ,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകൻ എതിർത്തു. സ്വത്തുക്കൾ ഭാഗം ചെയ്തതിലും വിൽപ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നെന്നാണ് ഉഷ ആരോപിക്കുന്നത്. സഹോദരൻ കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ.

പിള്ള തന്റെ മൂന്ന് മക്കൾക്കും രണ്ട് ചെറുമക്കൾക്കും തന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിനുമായി സ്വത്തുക്കൾ വീതം വച്ചാണ് വിൽപ്പത്രം തയ്യാറാക്കിയിരുന്നത്. 2020 ആഗസ്റ്റ് 9ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം രജിസ്റ്റർ ചെയ്തതെന്നും ,ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും പിള്ളയുടെ വിശ്വസ്തനായിരുന്ന കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായർ പരസ്യ പ്രസ്താവനയും നടത്തി. അതോടെ അടങ്ങിയിരുന്ന വിൽപ്പത്ര വിവാദം , ഉഷ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും ഉയർന്നത്.

Advertisement
Advertisement