ജില്ലകളിലെ അഴിച്ചുപണി: എൻ.സി.പിയിൽ ഭിന്നത

Friday 06 August 2021 12:00 AM IST

കൊച്ചി: ജില്ലാ കമ്മിറ്റികൾ പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.സി.പിയിൽ ഭിന്നത രൂക്ഷമാകുന്നു. നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്തില്ലാത്തയാളെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി സംഘടനാ ചുമതല നൽകിയതിൽ എൻ.സി.പിയിലെ പഴയ നേതൃനിര ശക്തമായ പ്രതിഷേധത്തിലാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികൾ പുന:സംഘടിപ്പിച്ചപ്പോൾ പഴയ നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്.

കോഴിക്കോടും, ആലപ്പുഴയും ഒഴികെ മുഴുവൻ ജില്ലാ ഘടകങ്ങളും അഴിച്ചുപണിയാനാണ് പി.സി.ചാക്കോയുടെ തീരുമാനം. കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ മന്ത്രി എ.കെ.ശശീന്ദ്രനും ,ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ എം.എൽ.എ തോമസ്.കെ.തോമസിനും സ്വാധീനമുള്ളതിനാൽ തൽക്കാലം അഴിച്ചുപണിയില്ല.

ജൂൺ 24ന് പി.സി.ചാക്കോയും ടി.പി.പീതാംബരനും മന്ത്രി എ.കെ.ശശീന്ദ്രനും കൊച്ചിയിൽ യോഗം ചേർന്നപ്പോൾ ,ജില്ലാ കമ്മിറ്റികൾ ഉടനെ പുന:സംഘടിപ്പിക്കുന്നതിനെ മന്ത്രി എ.കെ.ശശീന്ദ്രൻ എതിർത്തു. മന്ത്രി സംഘടനാ കാര്യങ്ങളിൽ ഇടപെടേണ്ടെന്നായിരുന്നു പി.സി.ചാക്കോ നൽകിയ മറുപടി.

പുതുതായി അഞ്ച് സെക്രട്ടറിമാരെ നിശ്ചയിച്ചതിൽ നാല് പേരും പി.സി.ചാക്കോയുടെ ആളുകളാണെന്ന് പഴയ വിഭാഗം ആരോപിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്ന് പുതുതായി സംസ്ഥാന ഭാരവാഹിയായ നേതാവും നാല്പത് വർഷം രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിന്ന് ഇപ്പോൾ പാർട്ടിയിലെത്തി ഭാരവാഹിയായ ആളും പി.സി.ചാക്കോയുമാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നാണ് പഴയ വിഭാഗം പറയുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും എൻ.സി.പിയെ ദേശീയ തലത്തിലെന്ന പോലെ, യു.ഡി.എഫിന്റെ ഭാഗമാക്കി മാറ്റാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ നീക്കമെന്നും അവർ ആരോപിക്കുന്നുയ

Advertisement
Advertisement