ലാസ്റ്റ് ഗ്രേഡ് സെർവെന്റ്: 100 ഒഴിവുകൾ ചവിട്ടിപ്പിടിച്ച് പി.എസ്.സി

Friday 06 August 2021 12:00 AM IST

കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത നൂറ് ലാസ്റ്റ് ഗ്രേഡ് സർവെന്റിന്റെ ഒഴിവുകൾ നിയമനം നടത്താതെ പി.എസ്.സി പൂഴ്ത്തി. ബുധനാഴ്ച കാലാവധി അവസാനിച്ച 2018ൽ നിലവിൽ വന്ന പട്ടികയിൽ നിന്ന് നിയമനം നടത്തേണ്ട ഒഴിവുകൾ നിസാരകാരണം പറഞ്ഞാണ് അഡ്വൈസ് അയയ്ക്കാതെ പി.എസ്.സി മാറ്റിവച്ചത്.

ഒരുമാസം മുൻപ് വിവിധ വകുപ്പുകളിൽ നിന്ന് 60 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരു വകുപ്പ് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മറ്റ് ഒഴിവുകളിലും അഡ്വൈസ് അയയ്ക്കാതെ പി.എസ്.സി ലിസ്റ്റ് ചവിട്ടിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം റിപ്പോർട്ട് ചെയ്ത 40 ഒഴിവുകളിലും അഡ്വൈസ് അയച്ചിട്ടില്ല. ലാസ്റ്റ് ഗ്രേഡ് നിയമനത്തിന്റെ സെക്ഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയെല്ലാവർക്കും നിരീക്ഷണത്തിൽ പോകേണ്ടിവന്നതിനാലാണ് അഡ്വൈസ് അയക്കാത്തതെന്നാണ് പി.എസ്.സി ജില്ലാ ഓഫീസിന്റെ വിശദീകരണം.

ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ അഡ്വൈസ് അയയ്ക്കും. അവസാനദിവസം റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കാര്യത്തിൽ ഹെഡ് ഓഫീസിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. പരമാവധി വേഗത്തിൽ നിയമനം നൽകാനാണ് ശ്രമം. പക്ഷേ കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള കാലതാമസമേ ഉണ്ടാകാറുള്ളൂ. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലെ 65 പേർക്ക് അഡ്വൈസ് അയയ്ക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്

ജോസ് ഫ്രാൻസിസ് (പി.എസ്.സി ജില്ലാ ഓഫീസർ)

Advertisement
Advertisement