മൈട്രക്ളിപ്പ് ചികിത്സയിൽ വീണ്ടും ചരിത്രനേട്ടം കുറിച്ച് അപ്പോളോ

Friday 06 August 2021 3:44 AM IST

ചെന്നൈ: ഹൃദയം മാറ്റിവയ്ക്കാനിരുന്ന 41കാരനായ ആന്ധ്രാ സ്വദേശിക്ക് മൈട്രക്ളിപ്പ് ചികിത്സയിലൂടെ പുതുജീവൻ സമ്മാനിച്ച് ചെന്നൈ അപ്പോളോ ഹോസ്‌പിറ്റൽസ്. ഹൃദയം മാറ്റിവയ്ക്കാനായി മൂന്നുമാസത്തോളം വിവിധ ആശുപത്രികളിൽ കഴിഞ്ഞശേഷമാണ് ഇദ്ദേഹം അപ്പോളോ ആശുപത്രിയിലെത്തിയത്. മൈട്രക്ളിപ്പ് ചികിത്സയ്ക്ക് ശേഷം ഏതാനും ദിവസങ്ങൾക്കകം തന്നെ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനായെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ സീനിയർ കാർഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷ് പറഞ്ഞു.

സാധാരണ ശസ്ത്രക്രിയയേക്കാൾ ആശുപത്രിവാസം, പണച്ചെലവ് എന്നിവ കുറവാണെന്നത് മൈട്രക്ളിപ്പ് ചികിത്സയുടെ മികവാണ്. ഹൃദയവാൽവിന്റെ തകരാർ ശസ്ത്രക്രിയ ഒഴിവാക്കി നടത്തുന്ന ബദൽ ചികിത്സയാണിത്. മൈട്രക്ളിപ്പ് ചികിത്സ സുരക്ഷിതമാണെന്ന് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് അപ്പോളോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ പ്രീത റെഡ്ഡി പറഞ്ഞു. ഇന്ത്യയിൽ നടന്ന മൈട്രക്ളിപ്പ് ചികിത്സയിൽ 70 ശതമാനവും അപ്പോളോയിലാണ്.

Advertisement
Advertisement