'ഹൈ റിസ്‌കിൽ" പെട്ട് ചെറു വ്യവസായങ്ങളും

Friday 06 August 2021 3:04 AM IST

 മുഖ്യമന്ത്രിയെ സമീപിച്ച് ചെറുകിട സംരംഭകർ

കൊച്ചി: സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ തീവ്രമായി ശ്രമിക്കുന്നതിനിടെ പരമ്പരാഗത വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്ന ഉത്തരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കയറും കൈത്തറിയും ഉൾപ്പെടെ 44 വ്യവസായങ്ങളെ അപക‌‌‌ടകരമായ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ ഉത്തരവ്. തകർച്ച നേരിടുന്ന മേഖലകളുടെ നാശത്തിനും ഉദ്യോഗസ്ഥരാജിനും കാരണമാകുന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ചെറുകിട, ഇടത്തരം വ്യവസായികൾ ആവശ്യപ്പെട്ടു.

വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ വിവാദ വ്യവസ്ഥ. ജൂലായ് 29ന് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിൽ വ്യവസായങ്ങളെ ഹൈ റിസ്‌ക്, മീഡിയം റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിച്ചു. അനുബന്ധം രണ്ടിൽ ഹൈ റിസ്‌ക് പട്ടിക നൽകിയിട്ടുണ്ട്. ഇതിൽ 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വ്യവസായങ്ങളും ഫാക്ടറികളും സ്ഥാപനങ്ങളും ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇതിൽപ്പെടുന്ന 44 വ്യവസായങ്ങളുടെ പട്ടികയുമുണ്ട്. ഇഷ‌്ടിക, കയർ, ചകിരി, പരവതാനി, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, സംഗീത ഉപകരണം, ഫാം ടൂറിസം, കാപ്പിപ്പൊടി, ചായപ്പൊടി, കുട തുടങ്ങിയവയുടെ നിർമാണവും കശുഅണ്ടി സംസ്കരണം, ചെമ്മീൻ പീലിംഗ് ഷെഡുകൾ, ഐസ് നിർമാണശാലകൾ തുടങ്ങിയവയും ഹൈ റിസ്കിലാണ്.

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പോലും 300 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണെന്ന് വ്യവസായികൾ പറയുന്നു. അപകടം കുറഞ്ഞ ഗ്രീൻ, വൈറ്റ്, ഓറഞ്ച് വിഭാഗങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടുത്തിയ വ്യവസായങ്ങളെയാണ് സ്ഥലവിസ്തൃതിയുടെ പേരിൽ തദ്ദേശവകുപ്പ് ഹൈ റിസ്‌ക് പട്ടികയിലാക്കിയത്. ഹൈ റിസ്‌ക് വ്യവസായങ്ങൾ വർഷത്തിൽ ഒരിക്കൽ തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കും. ലോ റിസ്‌കിൽ മൂന്നു വർഷത്തിൽ ഒരിക്കലാണ് പരിശോധന. മലിനീകരണ പ്രശ്‌നങ്ങളുണ്ടാക്കാത്ത പരമ്പരാഗത വ്യവസായങ്ങൾ പോലും പട്ടികയിൽ വന്നത് വേണ്ടത്ര പഠനം നടത്താതെ ഉത്തരവ് തയ്യാറാക്കിയതിന്റെ തെളിവാണെന്ന് വ്യവസായികൾ പറയുന്നു.

പ്രശ്‌നം ഗുരുതരം

വ്യവസായമേഖലയിൽ ഉത്തരവ് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേരള സ്റ്റേറ്റ് സ്‌മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എം. ഖാലിദ്, ജനറൽ സെക്രട്ടറി കെ.എ. ജോസഫ് എന്നിവർ പറഞ്ഞു. വ്യവസ്ഥയിൽ വ്യവസായമേഖലയ്ക്ക് കടുത്ത ആശങ്കയുണ്ട്. ഹൈ റിസ്‌കിൽ ഉൾപ്പെടുത്തിയത് പിൻവലിക്കാൻ മുഖ്യമന്ത്രി, വ്യവസായമന്ത്രി എന്നിവർക്ക് നിവേദനം നൽകുമെന്ന് അവർ 'കേരളകൗമുദി"യോട് പറഞ്ഞു.

പുനഃപരിശോധിക്കണം

''സർക്കാരിന്റെ പുതിയ ഉത്തരവ് നിലവിലുള്ള വ്യവസായങ്ങളെ പൂർണമായും തകർക്കും. വ്യവസായങ്ങളുടെമേൽ ഇൻസ്‌പെക്ടർരാജ് കൊണ്ടുവരാനാണ് ശ്രമം. വ്യവസായ സൗഹൃദമെന്ന് വരുത്തിതീർത്ത് മറ്റാർക്കോ വേണ്ടി തയ്യാറാക്കിയ ഉത്തരവാണിത്. ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണം""

കെ.ആർ. നാരായണപിള്ള,

സംസ്ഥാന പ്രസിഡന്റ്,

ലഘു ഉദ്യോഗ് ഭാരതി

Advertisement
Advertisement