ഇന്ത്യയുടെ കാവലാൾ

Friday 06 August 2021 2:18 AM IST

ഹോക്കിയെന്ന ദേശീയ കായിക വിനോദത്തിന് ഒട്ടും വളക്കൂറില്ലാത്ത നാട്ടിലെ ഒന്നുമില്ലായ്മയിൽ നിന്നാണ് ശ്രീജേഷിന്റെ തുടക്കം. പോരാട്ട വീര്യവും നിശ്ചയദാർഢ്യം കൈമുതലാക്കി പ്രതിസന്ധികളെയെല്ലാം തട്ടിമാറ്രി കഴിഞ്ഞ ഒന്നരപ്പതിറ്രാണ്ടോളമായി ഇന്ത്യൻ ഹോക്കിടീമിന്റെ കാവലാളായി മാറിയ ശ്രീ ഇപ്പോൾ ആരും കൊതിക്കുന്ന ഒളിമ്പിക്സ് മെഡലിന്റെ ശോഭയിൽ മിന്നിത്തിളങ്ങുകയാണ്.

മികച്ച റിഫ്ലക്സുകളും ബ്ലോക്കുകളുമായി ഇന്ത്യയെ ഏഷ്യൻ ഗെയിംസിലും ഏഷ്യാകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും കോമൺ വെൽത്ത് ഗെയിംസിലുമെല്ലാം മെഡൽ പോഡിയത്തിൽ കയറ്രിയ ശ്രീ ഇപ്പോഴിതാ ഒളിമ്പിക്സ് വെങ്കല മെഡലിലേക്കും രാജ്യത്തെ എടുത്തുയർത്തി. ഇന്ത്യയുടെ നായകസ്ഥാനവും വഹിച്ചിട്ടുള്ള ശ്രീയെന്ന മാൻ ഒഫ് ദ മാച്ചിന്റെ കളി ജീവിതം വരും തലമുറയ്ക്ക് വലിയ പ്രചോദനമാണ്. ക്രിക്കറ്റ് ഇതിഹാസമായ രാഹുൽ ദ്രാവിഡിനെപ്പോലെ ഇപ്പോൾ ഇന്ത്യയുടെ വൻമതിലായാണ് ശ്രീജേഷിനെ ഇന്ത്യ മുഴുവൻ വാഴ്ത്തുന്നത്.

എതിരാളിയുടെ മുഖത്ത് നോക്കില്ല

അഗ്രസ്സീവ്‌നെസ്സും തോൽക്കാൻ മനസില്ലെന്ന ആറ്റിറ്ര്യൂഡും ആത്‌മ ധൈര്യവുമാണ് ശ്രീയെ കളിക്കളത്തിൽ അജയ്യനാക്കുന്നത്. പെനാൽറ്രി സ്ട്രോക്കുകൾ തടയാൻ പ്രത്യേക വൈദഗദ്ധ്യമാണ് ഈ പള്ളിക്കരക്കാരന്. എതിരാളിയുടെ മുഖത്ത് താൻ നോക്കാറില്ലെന്നും പന്തിൽ മാത്രമായിരിക്കും തന്റെ ശ്രദ്ധയെന്നും ശ്രീജേഷ് നേരത്തേ പറഞ്ഞിട്ടുണ്ട്.

ഒഴിവു സമയങ്ങളിൽ പോലും പെനാൽറ്റി കോർണറുകൾ തടയുന്നതിന് പരിശീലനം നടത്തിയ ശ്രീയുടെ കഠിനാധ്വാനമാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ വെങ്കല നേട്ടത്തിന് പിന്നിൽ. സെമിയിൽ പതിന്നാലും വെങ്കലമെഡൽ മത്സരത്തിൽ പതിമ്മൂന്നും പെനാൽറ്രികളാണ് ശ്രീയ്ക്ക് നേരിടേണ്ടി വന്നത്. ഇന്നലെ അവസാന നിമിഷം ജർമ്മനിക്ക് വീണു കിട്ടിയ പെനാൽറ്രി കോർണർ തട്ടിക്കളഞ്ഞ് ശ്രീ വിജയം ഇന്ത്യയുടെ കൈയിൽ വച്ചു തരികയായിരുന്നു.

പൊരുതിക്കയറി

2004ൽ ഇന്ത്യയുടെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ കിട്ടിയ ശ്രീയ്ക്ക് സീനിയർ ടീമിലേക്ക് വിളിയെത്തുന്നത് 2006ലാണ്. കൊളംബോയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിനുള്ള ടീമിലുൾപ്പെട്ടശ്രീ 2008ലെ ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച് വാർത്തകളിൽ നിറഞ്ഞു.ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറും ശ്രീയായിരുന്നു. 2011ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഫൈനലിൽ രണ്ട് പെനാൽറ്രി സ്ട്രോക്കുകൾ തടഞ്ഞ് വിജയശില്പിയായതോടെ അഡ്രിയാൻ ഡിസ്സൂസ്സയേയും ഭരത് ഛെത്രിയേയും മറികടന്ന് ശ്രീ ഇന്ത്യയുടെ ഫസ്റ്ര് ചോയിസ് ഗോൾ കീപ്പറായി. 2012ലെ ഒളിമ്പിക്സ് ടീമംഗമായി. 2013ൽ ഇന്ത്യ വെള്ളി നേടിയ ഏഷ്യാ കപ്പിലും മികച്ച ഗോൾ കീപ്പർ ശ്രീജേഷായിരുന്നു. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ഫൈനലിൽ പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്രി സ്ട്രോക്കുകൾ തടഞ്ഞ് ഇന്ത്യയുടെ വീരനായകനായി. മികച്ച ഗോൾ കീപ്പർ പുരസ്കാരം വീണ്ടും ശ്രീക്ക് കിട്ടി. 2014ൽ ലോകത്തിലെ ഏറ്രവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2016ലേയും 2018ലേയും ചാമ്പ്യൻസ് ട്രോഫികളിലും നിറഞ്ഞാടി.2016ലെ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനും ശ്രീജേഷായിരുന്നു.2016ൽ റിയോയിൽ ക്വാർട്ടറിൽ തോറ്ര ടീമിലും അംഗമായിരുന്നു. ഇത്തവണ ആസ്ട്രേലിയക്കെതിരെ തകർന്ന ശേഷം ടീം ഇന്ത്യ നടത്തിയ തിരിച്ചു വരവിൽ ശ്രീയുടെ പങ്ക് വളരെ വലുതാണ്.

പാകിസ്ഥാനെതിരെ ഇരട്ടവീര്യം

ചിരവൈരികളായ പാകിസ്ഥാനെതിരെ ശ്രീ കൂടുതൽ ശക്തനാകുന്നതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. 2006ൽ ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യ ഫൈനലിൽ 3-2ന് തോറ്രപ്പോൾ ഒരു ഗോൾ ശ്രീയുടെ കാലുകൾക്ക് ഇടയിലൂടെയാണ് പോയത്. തുടർന്ന് തോൽവിക്ക് ഉത്തരവാദി താനാണെന്ന രീതിയിൽ ടീമംഗങ്ങളിൽ നിന്ന് പഴികേൾക്കേണ്ടി വന്നതാണ് അന്ന് 19 വയസ് മാത്രമുണ്ടായിരുന്ന ശ്രീയെ പിൽക്കാലത്ത് പാകിസ്ഥാനെതിരെ ആകാശത്തോളം വളരുന്ന നിലയിലേക്ക് എത്തിച്ചത്. പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യയെന്ന വികാരം തന്നെ കൂടുതൽ ശക്തനാക്കുമെന്നും ശ്രീ പറയുന്നു.

Advertisement
Advertisement