അടിമുടി മാറാൻ പൊതുഗതാഗതവകുപ്പ്

Saturday 07 August 2021 12:05 AM IST

കാഞ്ഞങ്ങാട്: പൊതുഗതാഗത സംവിധാനം അടിമുടി മാറ്റാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞുകൊണ്ടുള്ളതാണ് ഈ മാറ്റം. ഇതിനായി ഗൂഗിൾ ഫോമിൽ സർവേ ആരംഭിച്ചു.

പൊതുഗതാഗതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്താണെന്നറിയാനാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നത്. ജനങ്ങളിൽ നിന്ന് നിരവധി നിർദ്ദേശങ്ങൾ ഇതിനകം ലഭിച്ചതായി മോട്ടാർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. പൊതുഗതാഗതത്തെ സംരക്ഷിച്ച് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക, റോഡ് അപകടങ്ങൾ കുറയ്ക്കുക, റോഡിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സർവേയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് എം.വി.ഡിയുടെ ഫേസ്ബുക്ക് പേജിൽ നിർദ്ദേശങ്ങൾ നൽകാം.

സർവേയിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ സർവേ പൂർത്തിയായ ശേഷം തരംതിരിച്ച് ഓരോ വകുപ്പുകൾക്കും കൈമാറും. ശേഷം നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടി ആരംഭിക്കും.

പ്രതിസന്ധിയിലാണ് ബസ് സർവീസുകൾ

കൊവിഡിനെ തുടർന്ന് ബസ് സർവീസ് അടക്കമുള്ള പൊതുഗതാഗതം കടുത്ത പ്രതിസന്ധി നേരിടുന്നതും മോട്ടോർവാഹനവകുപ്പ് കണക്കിലെടുത്തിട്ടുണ്ട്. പ്രതിസന്ധിയെ തുടർന്ന് സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് അറിയിച്ച് ആർ.ടി ഓഫീസുകളിൽ ഫോം ജി നൽകുന്ന ബസുടമകളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.

സംസ്ഥാനത്ത് ആകെയുള്ള 13,800 സ്വകാര്യബസുകളിൽ 10,500 എണ്ണവും ഓട്ടം നിർത്തിവച്ചിട്ടാണുള്ളത്. 48 സീറ്റുള്ള ബസിന് മൂന്നു മാസത്തിലൊരിക്കൽ 29,990 രൂപയാണ് നികുതി. ഇതോടൊപ്പം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരാൾക്ക് 4,000 വീതവും അടയ്ക്കണം. വാഹനം ഓടാതെ കയറ്റിയിട്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ആർ.ടി. ഓഫീസിൽനിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇൻഷുറൻസിനും ഇളവ് കിട്ടും. എന്നാൽ ബസുകൾ സ്ഥിരമായി നിർത്തിയിട്ടാൽ യന്ത്രഭാഗങ്ങളും ടയറുകളും കേടാകും. ഓടിയാലാകട്ടെ അതിലും വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നാണ് ഉടമകൾ പറയുന്നത്.

ലഭിച്ച നിർദ്ദേശങ്ങൾ

ബസുകളിൽ സി.സി.ടി.വി ക്യാമറകൾ

 കാർഡ് പഞ്ചിംഗ് സംവിധാനം

 വളവുകളിലുള്ള ബസ് സ്റ്റോപ്പുകൾ നീക്കുക

നഗരഗ്രാമീണ മേഖലകളിലും ബസ് സർവീസ് ഉറപ്പുവരുത്തുക

ജീവനക്കാരിൽ ലഹരി പരിശോധന

Advertisement
Advertisement