താരകപ്പെണ്ണാളിനെ ഹിറ്റാക്കിയ ബാനർജി ഇനി ഓർമ്മ

Friday 06 August 2021 11:15 PM IST

കൊല്ലം: പ്രമുഖ നാടൻപാട്ട് കലാകാരനും ചിത്രകാരനും ശില്പിയും കാർട്ടൂണിസ്റ്റുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) നിര്യാതനായി. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

'കനൽ പാട്ടുകൂട്ട'മെന്ന പേരിൽ നാടൻപാട്ട് കൂട്ടായ്മ രൂപീകരിച്ച് കേരളത്തിലും പുറത്തുമുള്ള വേദികളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ബാനർജി. 'താരകപ്പെണ്ണാളെ... കതിരാടും മിഴിയാളേ...' എന്ന നാടൻപാട്ട് പാടി ഹിറ്റാക്കിയത് ബാനർജിയാണ്. ആറ് വർഷം മുമ്പ് പുറത്തിറങ്ങിയ നാടൻപാട്ട് സി.ഡിക്ക് വേണ്ടിയാണ് ഈ പാട്ട് ആദ്യമായി ആലപിച്ചത്. കൊച്ചോല കിളിയേ, മരതക കാട് തേടുന്നവളെ എന്ന നാടൻപാട്ട് മറ്റൊരു ഹിറ്രാണ്. നാടൻപാട്ടിലെ പ്രധാന വിഭാഗമായ ഇടനാടൻ പാട്ടിന്റെ പ്രചാരകനായിരുന്നു ബാനർജി. അയ്യങ്കാളിയെക്കുറിച്ച് പാടിയ വില്ലുവണ്ടിയിലേറി വരുന്നതാരോ... കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ബാനർജി നിർമ്മിച്ച വെങ്ങാനൂരിലെ അയ്യങ്കാളി ശില്പവും കൊടുമണിലെ ബുദ്ധശില്പവും ഏറെ പ്രസിദ്ധമാണ്. വരകളും ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ ബാലസാഹിത്യകാരന്മാരുടെ കൃതികൾ ബാനർജിയുടെ കാരിക്കേച്ചറുകളോടെയാണ് പുറത്തിറങ്ങിയിരുന്നത്.

നാടൻപാട്ട് രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2014ൽ കേരള ഫോക്‌ലോർ അക്കാഡമിയുടെ യുവ പ്രതിഭാ അവാർഡ്, ലളിതകലാ അക്കാഡമിയുടെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ലളിതകലാ അക്കാഡമിയുടെ ഏകാംഗ കാർട്ടൂൺ പ്രദർശനത്തിന് രണ്ടാഴ്ച മുമ്പ് ബാനർജിയെ തിരഞ്ഞെടുത്തിരുന്നു.

കലാപ്രവർത്തനത്തിനൊപ്പം ടെക്നോപാർക്കിലെ ഒരു ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞമാസം ആദ്യമാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരുകയായിരുന്നു.

അച്ഛൻ: പാച്ചു. അമ്മ: സുഭദ്ര. ഭാര്യ: ജയപ്രഭ. മക്കൾ: ഓസ്കാർ, നോബൽ. ശ്രീകാര്യം ചൈതന്യ ലെയ്‌നിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് 3ന് ശാസ്താംകോട്ടയിലെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു.

Advertisement
Advertisement