കൂടുതൽ സ്റ്റാളുകളുമായി ഹോർട്ടികോർപ്പ്, കർഷകർക്ക് ആശ്വസിക്കാം

Saturday 07 August 2021 12:00 AM IST

 ജില്ലയിൽ സ്റ്റാളുകൾ 14  ഓണച്ചന്തകൾ 40

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിക്കിട്ടിയില്ലെന്നിരിക്കെ, ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ വിഷമിക്കേണ്ടി വരുന്ന കർഷകർക്ക് ഇനി ആശ്വാസിക്കാനുള്ള നാളുകളാണ്. കൂടുതൽ സ്റ്റാളുകൾക്കൊപ്പം ഓണച്ചന്തകളിലേക്കും നീങ്ങുകയാണ് ഹോർട്ടികോർപ്പ്. ജില്ലയിലെ പന്ത്രണ്ടാമത്തെ വിപണന സ്റ്റാൾ കഴിഞ്ഞ ദിവസം പൂക്കാട് തുറന്നു. ഓണത്തിനോടനുബന്ധിച്ച് രണ്ട് സ്റ്റാളുകൾ കൂടി പുതുതായി ആരംഭിക്കും. 40 ഓണച്ചന്തകളും തുടങ്ങുന്നുണ്ട്.

കോഴിക്കോട്ടെ സ്റ്റാളുകളിൽ പ്രതിദിനം ശരാശരി ഒന്നേകാൽ ലക്ഷം രൂപയുടെ പഴം - പച്ചക്കറികളും വില്പന നടക്കുന്നുണ്ട്. വടകര സബ് സെന്ററിനു കീഴിലുള്ള സ്റ്റാളുകളിലൂടെ ഏതാണ്ട് 30,000 രൂപയുടെ കച്ചവടവും.

വേങ്ങേരിയിലെ ഹോർട്ടികോർപ്പിന്റെ സൂപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയ ഹോം ഡെലിവറി സൗകര്യം ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നു. വീട്ടിൽ സാധനങ്ങളെത്തിക്കാൻ വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യുകയേ വേണ്ടൂ. ഓരോ ദിവസത്തെയും പഴം - പച്ചക്കറികളുടെ നിരക്ക് അറിയിക്കുന്നുണ്ട്.

മലബാറിലെ വിവിധയിടങ്ങളിൽ നിന്നായി കർഷകരിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികളും പഴങ്ങളുമാണ് വില്പനയ്ക്കുള്ളത്. മറുനാടൻ പച്ചക്കറികൾക്കും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന പിയർ, പ്ലം, കിവി തുടങ്ങിയ പഴങ്ങൾക്കുമായി പ്രത്യേക വിഭാഗവുമുണ്ട്. കേരളത്തിൽ പൊതുവെ കൃഷി ചെയ്യാത്ത, അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അനാർ, മാമ്പഴം, കാശ്മീരി പിയർ തുടങ്ങിയവ ലഭ്യമാണ്. ഹോർട്ടികോർപ്പിന്റെ അ‌ഗ്‌മാർക്ക് അംഗീകാരമുള്ള അമൃത് ബ്രാൻഡ് ഹണിയ്ക്ക് ഏറെ ഡിമാൻഡുണ്ട്.

കർഷകരിൽ നിന്ന് നേരിട്ട് വിളകൾ ശേഖരിക്കുന്നതുകൊണ്ടു തന്നെ പച്ചക്കറി ഇനങ്ങളുടെ വിലവർദ്ധന തടയാനാവുന്നു. ഉത്പന്നങ്ങൾക്ക് ന്യായവില കർഷകർക്ക് ഉറപ്പാക്കാനും കഴിയുന്നു.

 സ്റ്റാളുകൾ ഇവിടെ

1. വേങ്ങേരി

2. കക്കോടി

3. അത്തോളി

4. എലത്തൂർ

5. ചേവരമ്പലം

6. കൊയിലാണ്ടി

7. പൂക്കാട്

8. വടകര

9. തോടന്നൂർ

10. വില്യാപ്പള്ളി

11. മൊകേരി

12. തണ്ണീർപന്തൽ

'' ഓണത്തിന് മുന്നോടിയായി രണ്ട് സ്റ്രാളുകൾ കൂടി തുടങ്ങും. വൈകാതെ കോർപ്പറേഷൻ പരിധിയിൽ ഒരു സ്റ്റാൾ കൂടി തുറക്കാനും പദ്ധതിയുണ്ട്.

പി.ആർ ഷാജി,

റീജിയണൽ മാനേജർ,

ഹോർട്ടികോർപ്പ്, കോഴിക്കോട്

Advertisement
Advertisement