കേരളത്തിൽ 14 സീറ്റിൽ ബി.ജെ.പി , തൃശൂർ ഉൾപ്പെടെ അഞ്ചിടത്ത് ബി.ഡി.ജെ.എസ്: മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് തുഷാർ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 14 സീറ്റുകളിൽ മത്സരിക്കുമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം അറിയിച്ചു. ബി.ഡി.ജെ.എസിന് അഞ്ചും കേരള കോൺഗ്രസ് കെ.സി തോമസ് വിഭാഗത്തിന് ഒരു സീറ്റും നൽകും. ഈ സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്ന് ഉടൻ തന്നെ തീരുമാനിക്കും. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് മുരളീധർ റാവു, കേന്ദ്രകമ്മിറ്റി അംഗം പി.കെ.കൃഷ്‌ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ എൻ.ഡി.എക്ക് കഴിയുമെന്ന് പി.കെ.കൃഷ്‌ണദാസ് പറഞ്ഞു. കേരളത്തിൽ നിന്ന് ഇത്തവണ പാർലമെന്റിൽ എൻ.ഡി.എ പ്രതിനിധികൾ ഉണ്ടാകും. ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിൽ 9 എം.എൽ.എമാർ മത്സരിക്കുന്നുണ്ട്. ഇവർ എം.എൽ.എ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കൃഷ്‌ണദാസ് ആവശ്യപ്പെട്ടു. ബി.ജെ.പിയും ബി.ഡി.ജെ.എസും രാമലക്ഷ്‌മണൻമാരെപ്പോലെയാണ്. പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ബി.ജെ.പിയിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ സീറ്റ് നിർണയ ചർച്ചകൾ പൂർത്തിയായിട്ടേയുള്ളൂ. ഇനി കേരളത്തിലെത്തി ബി.ഡി.ജെ.എസ് നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും. ബി.ഡി.ജെ.എസിനെ എസ്.എൻ.ഡി.പിയുടെ ബി ടീമായി കരുതരുത്. എല്ലാ വിഭാഗങ്ങളിലും പെട്ടവർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.