ഒടുവിലൊരു താരകമായി ബാനർജിയും

Saturday 07 August 2021 1:14 AM IST
ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പൊതുദർശനത്തിനു വച്ച പി.എസ്. ബാനർജിയുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നവർ

കുന്നത്തൂർ: നാടൻപാട്ടുകളെ നാടിന്റെ പാട്ടുകളാക്കി ജനകീയമുഖം നൽകിയ കലാകാരൻ പി.എസ് ബാനർജിയുടെ (41) അപ്രതീക്ഷിത വിയോഗം വല്ലാത്തൊരു നൊമ്പരമായി.

മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള സാധാരണക്കാരന്റെ പ്രതീകമായിരുന്നു ബാനർജി. താരകപ്പെണ്ണാളെ എന്നു തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ ആരാധകമനസിൽ ഇടംനേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. വില്ലു വണ്ടിയിലേറിവന്നതാരുടെ വരവോ... കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ... എന്നു തുടങ്ങുന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആസ്വാദകർ ഏറ്റെടുത്ത ഒട്ടേറെ നാടൻ പാട്ടുകൾ ബാനർജി പാടിയിട്ടുണ്ട്. ചിത്രകാരൻ, പാട്ടുകാരൻ,ശില്പി, ഡിസൈനർ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചി കലാകാരനായിരുന്നു ബാനർജി. ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ നിന്നു ശാസ്താംകോട്ട ഡി.ബി കോളേജിൽ എത്തിയപ്പോഴാണ് ബാനർജിയിലെ കലാകാരൻ ഉണർന്നത്.പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ പഠനശേഷം പ്രമുഖ നാടൻ പാട്ട് കലാകാരൻ പ്രകാശ് കുട്ടന്റെ നാടോടി എന്ന ട്രൂപ്പിന്റെ ഭാഗമായി. ഇതിനുശേഷമാണ് ഫോക് ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പന്റെ തിരുവല്ല തായില്ലത്തിനൊപ്പം ചേർന്നത്.

കേരളത്തിൽ എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ച ബാനർജി കനൽ പാട്ടുകൂട്ടം എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ്പും തുടങ്ങി.

നാടൻ പാട്ടിനൊപ്പം കാരിക്കേച്ചറിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച നിരവധി കാരിക്കേച്ചറുകൾ ബാനർജി രചിച്ചിട്ടുണ്ട്. ലളിതകലാ അക്കാഡമി അംഗം, ഫോക് ലോർ അക്കാഡമി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഫോക് ലോർ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ടെക്നോപാർക്കിലെ ഐ.ടി സംരഭത്തിൽ ഡിസൈനറായിരുന്നു.

കഴിഞ്ഞ മാസം രണ്ടിനാണ് കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കൊവിഡ് വാർഡിൽ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ കാരിക്കേച്ചറുകളാക്കിയത് പ്രശംസനീയമായിരുന്നു. രോഗം ഭേദമായെങ്കിലും പിന്നീടുണ്ടായ ശ്വാസതടസം ന്യൂമോണിയയിലേക്ക് വഴിമാറി. ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഇന്നലെ പുലർച്ചെ 4.10 ഓടെയായിരുന്നു മരണം. ഉച്ചയോടെ ജന്മനാട്ടിലെത്തിച്ച മൃതദേഹം ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പൊതുദർശനത്തിനു വച്ചു. ബാനർജി പാടിയ പാട്ടുകൾ ഉറക്കെ പാടിയാണ് സൗഹൃദവൃന്ദം ആദരമർപ്പിച്ചത്. വൈകിട്ട് മൂന്നോടെ മനക്കരയിലെ മനയിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഫോക് ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, ഉല്ലാസ് കോവൂർ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

Advertisement
Advertisement