കൊവിഡ് മൂന്നാം തരംഗം, ചികിത്സാരീതി മാറ്റി മുന്നൊരുക്കം

Saturday 07 August 2021 2:02 AM IST


 ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ മരണസംഖ്യ ഉയരാതിരിക്കുന്നതിന് ചികിത്സാ പ്രോട്ടോക്കോൾ പരിഷ്കരിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം ഒരുക്കുകയാണ് ലക്ഷ്യം. പ്രമേഹരോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും. ഇൻഫെക്‌ഷൻ മാനേജ്‌മെന്റ്, ക്രിട്ടിക്കൽ കെയർ, ശ്വാസതടസത്തിന് വിദഗ്ദ്ധ ചികിത്സ, ആസ്‌പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് എന്നിവയും ഗൗരവത്തോടെ മുന്നിൽക്കണ്ട് ചികിത്സ ഉറപ്പാക്കണമെന്ന് പുതിയ മാർഗനിർദ്ദേശത്തിലുണ്ട്. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സാമാനദണ്ഡം നിശ്ചയിക്കുന്നത്. അതേസമയം കൊവിഡ് ബാധിതരാകുന്നവരിൽ പൊതുവേ സ്വീകരിക്കേണ്ട നടപടികൾ നേരത്തെയുള്ളതുപോലെ തുടരും. നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് വിദഗ്ദ്ധചികിത്സ ഉറപ്പാക്കുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മതി. അവർക്ക് ആന്റിബയോട്ടിക്കുകളോ വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ല. എന്നാൽ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.

പരിചരണം അഞ്ചുതരം

രോഗസ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പുവരുത്തുന്നത്. രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മതിയാകും. എന്നാൽ വീട്ടിൽ ഐസൊലേഷന് സൗകര്യമില്ലാത്തവരെ ഡി.സി.സികളിൽ പാർപ്പിക്കേണ്ടതാണ്. കാറ്റഗറി 'എ'യിലെയും 'ബി'യിലെയും രോഗികളെ സി.എസ്.ടി.എൽ.സികളിലേക്കും കാറ്റഗറി 'സി'യിലുള്ള ഗുരുതര രോഗികളെ കൊവിഡ് ആശുപത്രികളിലുമാണ് ചികിത്സിക്കുക.

'ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കുന്നത്. മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.'

-വീണാ ജോർജ്

ആരോഗ്യമന്ത്രി

Advertisement
Advertisement