വന്ദനേ വീരാംഗനേ...

Saturday 07 August 2021 2:34 AM IST

വന്ദനാ കതാരിയ തോൽക്കുന്നില്ല,​ തോൽക്കുകയുമില്ല

ജാതീയ അധിക്ഷേപങ്ങൾക്ക് കളിക്കളത്തിൽ വന്ദനയുടെ മറുപടി

ളിമ്പിക്സ് വനിതാ ഹോക്കിയിൽ ഹാട്രിക്ക് ഗോളുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം... വന്ദനാ കതാരിയയെന്ന ഹരിദ്വാറുകാരിയുടെ പേര് ചരിത്രിത്തിന്റെ സുവർണ ലിപികളിൽ രേഖപ്പെടുത്തുക ഇങ്ങനെയായിരിക്കും... ലോകത്തെ ഏറ്രവും വലിയ കായിക വേദിയിൽ വച്ച് ഇനിയൊരിക്കലും ആർക്കും തകർക്കാനാകാത്ത റെക്കാഡ് തിളക്കത്തിൽ നിൽക്കുമ്പോഴും ഇന്ത്യ മഹാരാജ്യത്തെ ഒരു പറ്റം സവർണ്ണ ഫാസി‌സ്റ്റുകൾക്ക് അവളിപ്പോഴും ‍അശ്രീകരമാണ്. കാരണം അവളൊരു ദളിതയാണ്. ദളിതർ അടിമകൾക്ക് സമമെന്ന് കരുതുന്ന ഇരുണ്ട യുഗത്തിലെ ദുഷിച്ച ചിന്തകളിൽ നിന്ന് അവരിപ്പോഴും മോചിതരായിട്ടില്ല. അതു കൊണ്ടാണ് സ്വപ്നക്കുതിപ്പ് നടത്തി ഒളിമ്പിക്സ് സെമിവരെയെത്തിയ ഇന്ത്യൻ ടീം അവിടെയൊന്ന് കാലിടറിയപ്പോൾ വന്ദനയുടെ വീടിനു മുന്നിൽ അവർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ദളിതർ ടീമിലുള്ളത് കൊണ്ടാണ് ഇന്ത്യ തോറ്രതെന്ന് വിളിച്ചു കൂവിയത്. എന്നാൽ ഇതിനെല്ലാം വന്ദന മറുപടി നൽകിയത് തന്റെ ഹോക്കി സ്റ്രിക്കുകൊണ്ടാണ്. വെങ്കലത്തിനായുള്ള മത്സരത്തിൽ ഒരു വേള ഇന്ത്യയെ ലീഡിലേക്കെത്തിച്ച ആ ഗോൾ തന്റെയും കുടുംബത്തിന്റേയും വംശശുദ്ധിയേയെ പരിഹസിച്ചവരുടെ മുഖത്തടിച്ചുള്ള മറുപടിയായിരുന്നു.

നേരത്തേ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ നാണം കെടുമെന്ന അവസ്ഥയിൽ ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയത് വന്ദനയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂളിലെ നിർണായകമായ അവസാന മത്സരത്തിൽ ഹാട്രിക്ക് നേടി ഇന്ത്യയ്ക്ക് ക്വാർട്ടറിലേക്ക് ടിക്കറ്രെടുത്ത് കൊടുത്തത് വന്ദനയാണെന്ന് ഈ ജാതിക്കോമരങ്ങൾക്ക് അറിയാമെങ്കിലും അവരത് സൗകര്യപൂർവം മറക്കുന്നു. ഇത്തവണ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്രവും കൂടുതൽ ഗോൾ നേടിയ താരവും വന്ദനയാണ്.

ആ പിതാവിനും സല്യൂട്ട്

പരിഹാസങ്ങളുടേയും അവഗണനകളുടേയും ദാരിദ്ര്യത്തിന്റേയും കടൽ താണ്ടിയാണ് ഇരുപത്തിയൊമ്പതുകാരിയായ വന്ദന ഇതുവരെയെത്തിയത്. അവളുടെ സൂവർ‌ണ നേട്ടങ്ങളുടെ നേരവകാശി ‌അടുത്തിടെ അന്തരിച്ച പിതാവ് നഹർ സിംഗാണ്. അതിനാൽ തന്നെ തന്റെ എല്ലാ നേട്ടങ്ങളും വന്ദന സമർപ്പിക്കുന്നത് തന്റെ പിതാവിനാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ റൊഷാനാബാദാണ് വന്ദനയുടെ സ്വദേശം. 11 വയസുമുതലാണ് ഹോക്കി സ്റ്റിക്ക് കൈയിലെടുക്കുന്നത്. എന്നാൽ പെൺകുട്ടി കളിക്കാൻ പോകുന്നതിനെ എതിർത്ത നാട്ടുകാരുടേയും കുടുബക്കാരുടേയും വാക്കുകൾക്ക് ചെവി കൊടുക്കാതെ നഹർ സിംഗ് വന്ദനയെ റൊഷാനാബാദിലെ കൃഷ്ണകുമാറിന്റ അക്കാഡമിയിൽ ചേർക്കുകയായിരുന്നു.പിതാവിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് ഹോക്കിതാരമാകാൻ കഴിയില്ലായിരുന്നുവെന്ന് വന്ദന എപ്പോഴും പറയും. മൂന്ന് മാസം മുൻപ് പിതാവ് മരിച്ചപ്പോൾ ഒളിമ്പിക്സിനായുള്ള ഒരുക്കത്തിലായിരുന്ന വന്ദനയ്ക്ക് പോയി കാണാൻ കഴിഞ്ഞിരുന്നില്ല. അതിനും അവൾ ഏറെ പരിഹാസം കേട്ടു. ഇന്നലേയും ഗോൾ നേടിക്കഴിഞ്ഞ് പതിവുപോലെ ആകാശത്തേക്ക് നോക്കി പിതാവിന് സമർപ്പിച്ചിരുന്നു വന്ദന.

Advertisement
Advertisement