കിരണിനെ പിരിച്ചുവിട്ടത് നടപടി ക്രമങ്ങൾ പാലിച്ച്; മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു

Saturday 07 August 2021 1:38 PM IST

കൊല്ലം: ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയത്. മന്ത്രിയെ യുവതിയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കിരണിനെതിരെ നടപടിയെടുത്തതെന്നും ഇയാൾ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നടപടിയ്‌ക്കെതിരെ സുപ്രീം കോടതി വരെ പോകാനുള്ള അവകാശം കിരണിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ്മയയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പിതാവും സഹോദരനും നേരത്തെ മന്ത്രിയെ കണ്ട് പരാതി നൽകിയിരുന്നു. നാൽത്തിയഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.