ഓണം സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

Tuesday 10 August 2021 12:13 AM IST

പാലക്കാട്: കൊവിഡ് വ്യാപനത്തിനിടെ ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യ വരവ്, മയക്കുമരുന്ന് വില്പന എന്നിവ തടയുന്നതിനായി ഓണം സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് വിഭാഗം. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലകളിലും കള്ള് ഉത്പാദനകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.

ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പരിശോധന തുടരും. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നതിനാൽ ജില്ലയിലേക്ക് ചെക്ക് പോസ്റ്റുകളിലൂടെ മാത്രമല്ല അതിർത്തി ഊടുവഴികളിലൂടെയും വൻതോതിൽ മദ്യവും മയക്കുമരുന്ന് കടത്തുന്നതിന് സാദ്ധ്യതയേറെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.

അടിയന്തര സഹാചര്യം നേരിടുന്നതിന് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റിന് പുറമെ ഹൈവേ പട്രോളിംഗ്, അതിർത്തി മേഖലാ പട്രോളിംഗ്, കള്ള് ചെത്ത് തോട്ടം പരിശോധനാ യൂണിറ്റ് തുടങ്ങിയവ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകും. ഒരു എകസൈസ് സി.ഐയുടെ മേൽനോട്ടത്തിൽ ഓരോ വീതം എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, ഒരു എക്‌സൈസ് ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിന് പുറമെ താലൂക്ക്തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

വാളയാർ മുതൽ വാണിയമ്പാറ വരെ ദേശീയ പാതയിൽ ഹൈവേ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വേലാന്താവളം മുതൽ ചെമ്മണാംപതി വരെയുള്ള അതിർത്തിമേഖലകളായിരിക്കും അതിർത്തി മേഖലാ പട്രോളിംഗ് സംഘം പ്രവർത്തിക്കുക. കള്ളിൽ മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെത്ത്‌തോട്ട പരിശോധന യൂണിറ്റ് ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടങ്ങൾക്ക് പുറമെ അതിർത്തി മേഖലകളിലെ തോട്ടങ്ങളിലും പരിശോധന നടത്തും.

-അഗളി അട്ടപ്പാടി മേഖലകളിൽ അഗളി എക്‌സൈസ് റേഞ്ച് ഓഫീസും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും ഒന്നിടവിട്ട ദിവസങ്ങളിൽ അട്ടപ്പാടി മേഖലയിൽ പ്രത്യേക പരിശോധന സംഘമായി പ്രവർത്തിക്കും. പരിശോധനയ്ക്ക് പുറമെ വ്യാജ മദ്യനിർമ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്ന് ഉപയോഗം, വിപണം എന്നിവയെക്കുറിച്ച് അറിയിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്കുതലത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
എക്‌സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട്.


-ജില്ലാതല കൺട്രോൾ റൂം
0491- 2505897

- താലൂക്ക്തല കൺട്രോൾ റൂമുകൾ

1.പാലക്കാട് സർക്കിൾ
0491- 2539260

2.ചിറ്റൂർ സർക്കിൾ
04923- 222272

3.ആലത്തൂർ സർക്കിൾ
04922- 222474

4.ഒറ്റപ്പാലം സർക്കാർ
0466- 2244488

5.മണ്ണാർക്കാട് സർക്കിൾ
04924- 225644

6. ജനമൈത്രി അട്ടപ്പാടി
04924- 254079

Advertisement
Advertisement