നടി ശരണ്യ ഓർമ്മയായി

Tuesday 10 August 2021 12:12 AM IST

തിരുവനന്തപുരം : സിനിമ-സീരിയൽ നടിയും ,മിനി ,സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവുമായിരുന്ന ശരണ്യ ശശി (33) ഓർമ്മയായി. ബ്രെയിൻ ‌ട്യൂമറിനോട് കഴിഞ്ഞ പത്ത് വർഷത്തോളം നിശ്ചയദാർഢ്യത്തോടെ പടപൊരുതിയ

ശരണ്യ ഇനി വേദനകളില്ലാത്ത ലോകത്തേക്ക്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അന്ത്യം.

കോവിഡ് ബാധിച്ചതിനെ തുടർന്ന് മേയ് 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ഭേദമായെങ്കിലും ന്യൂമോണിയ പിടിപ്പെട്ട് ആശുപത്രിയിൽ തുടരുകയായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിൽ തിരിച്ചെത്തിയെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവിൽ ക്രമാതീതമായ വ്യത്യാസത്തെത്തുടർന്ന് വീണ്ടും ആശുപത്രിയിലായി.

സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്നതിനിടെ, 2012 ലാണ് തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്‌സയിലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗവിവരം അറിയുന്നത്. പിന്നീട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയിൻ ട്യൂമറും തൈറോയിഡ് കാൻസറുമായി ബന്ധപ്പെട്ട് പതിനൊന്നിലധികം സർജറികൾക്ക് ശരണ്യ വിധേയയായി .പിന്നീട് ഇതുവരെ ചികിത്സയിലും ജീവിതത്തിലും ശരണ്യക്കൊപ്പം എപ്പോഴും കൂട്ടായി അമ്മ ഗീതയും സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, നിരവധി ടെലിവിഷൻ സീരിയലുകളിലും ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബെ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. നടി സീമ ജി. നായരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദേശ മലയാളികളും സുഹൃത്തുക്കളും ചേർന്ന് ചെമ്പഴന്തിയിൽ സ്നേഹസീമ എന്ന സ്വപനവീട് നിർമ്മിച്ചു നൽകി . 2020 ഒക്ടോബർ മുതൽ ഇവിടെയാണ് ശരണ്യ താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അച്ചൻ ശശിയുടെ മരണം. ശരൺജിത്ത്, ശോണിമ എന്നിവർ സഹോദരങ്ങൾ . സംസ്കാരം ഇന്ന് ) ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ .

Advertisement
Advertisement